'നാം ധീരരാവുക'; ഹുസയ് ന്‍ മടവൂരിനോട് വിയോജിപ്പുമായി മുജാഹിദ് പണ്ഡിതന്‍ എം ഐ മുഹമ്മദലി സുല്ലമി
സംഘ്പരിവാര്‍ അജണ്ട മാറ്റട്ടെ; കോണ്‍ഗ്രസ് മൃദുസംഘ് നയം അവസാനിപ്പിക്കട്ടെ
കോഴിക്കോട്: ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനു ഭൂമിപൂജ നടത്തിയതിനു പിന്നാലെ മുസ് ലിംകള്‍ അജണ്ട മാറ്റാന്‍ സമയമായി എന്ന വിധത്തില്‍ മുജാഹിദ് നേതാവ് ഡോ. ഹുസയ്ന്‍ മടവൂര്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിനു മറുപടിയുമായി മുജാഹിദ് നേതാവ് പ്രഫ. എം ഐ മുഹമ്മദലി സുല്ലമി. പാറാല്‍ ദാറുല്‍ ഇര്‍ഷാദ് കോളജ് റിട്ട. പ്രിന്‍സിപ്പലും മുജാഹിദ് ഔദ്യോഗിക വിഭാഗം നേതാവുമായ പ്രഫ. എം ഐ മുഹമ്മദലി സുല്ലമി വാട്‌സ് ആപ് കുറിപ്പിലൂടെയാണ് വിമര്‍ശനമുന്നയിക്കുന്നത്. നാം ധീരരാവണമെന്നും മുസ് ലിം കൂട്ടായ്മയായ മുസ് ലിം പേര്‍സ്‌നല്‍ ലോ ബോര്‍ഡിനെ പിന്തുണയ്ക്കണമെന്നും അല്ലാത്തപക്ഷം ഇനിയും ബാബരികള്‍ ആവര്‍ത്തിച്ചേക്കുമെന്നും എം ഐ മുഹമ്മദലി സുല്ലമി പോസ്റ്റില്‍ പറയുന്നുണ്ട്. നിരവധി ചോദ്യങ്ങളാണ് പ്രഫ. എം ഐ മുഹമ്മദലി സുല്ലമി തന്റെ കുറിപ്പിലൂടെ ഉന്നയിക്കുന്നത്.
പ്രഫ. എം ഐ മുഹമ്മദലി സുല്ലമിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മാണം നടത്തിയതിനെ കുറിച്ച് ഡോ. ഹുസയ്ന്‍ മടവൂര്‍ സാഹിബ് പറഞ്ഞ കാര്യങ്ങളില്‍ മിക്കതും വസ്തുനിഷ്ഠമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ചില വീക്ഷണങ്ങളോട് എനിക്കുള്ള വിയോജിപ്പുകള്‍ എല്ലാ ആദരവുകളും നിലനിര്‍ുത്തിക്കൊണ്ട് ഇവിടെ കുറിക്കട്ടെ. രാഷ്ട്രീയ രംഗത്തെ വിവിധ നിലപാടുകള്‍ എന്നും മുജാഹിദുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞ പോലെ ബാബരി മസ്ജിദ് ഒരു സാധാരണ പള്ളി തന്നെ. അത് മുസ് ലിംകള്‍ തീര്‍ത്ഥാടനം നടത്താറുള്ള മൂന്ന് പള്ളികള്‍ക്ക് സമാനമല്ല. അത്യാവശ്യം വരുമ്പോള്‍ സ്ഥലം മാറ്റി പുനര്‍ നിര്‍മിക്കാവുന്ന ഒരു മസ്ജിദ് തന്നെയാണത്. എന്നിട്ടും അത് പൊളിക്കുന്നതിനെതിരേ മുസ് ലിംകള്‍ ഇത്ര കാലം പോരാടാനുള്ള കാരണമെന്ത്..?. അത് വിട്ടുകൊടുത്താല്‍ മറ്റനേകം പള്ളികളുടെ മേല്‍ സംഘപരിവാര്‍ അവകാശവാദം ഉന്നയിക്കും. അതാണ് സംഘപരിവാറിന്റെ അജണ്ട. അതവര്‍ മാറ്റുമെന്ന് ഡോ. ഹുസയ്ന്‍ മടവൂരിനു പോലും പ്രതീക്ഷയില്ല. എങ്കില്‍ മുസ്‌ലിംകള്‍ അജണ്ട മാറ്റിയത് കൊണ്ടെന്ത് പ്രയോജനം?.
മുസ് ലിംകള്‍ എന്ത് അജണ്ടയണ് മാറ്റേണ്ടത്. വര്‍ഗീയവാദികള്‍ അവകാശ വാദം ഉന്നയിക്കുന്ന പള്ളികളെല്ലാം അവര്‍ക്ക് വിട്ടുകൊടുത്തേക്കൂ എന്നാണോ പറയുന്നത്..?. കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് സഖ്യം നിലനിര്‍ത്താന്‍ ഇത്രയോളം കഷ്ടപ്പെടണമോ?. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ചെയ്ത വഞ്ചനയുടെ ഫലമല്ലേ, ഇന്ന് രാജ്യം അനുഭവിക്കുന്നത്.? ആ പാരമ്പര്യം തന്നെയല്ലേ പ്രിയങ്കയ്ക്കും പ്രിയമായത്...?. ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഉറക്കത്തിലായിരുന്നു പോല്‍!. റാവുവിന്റെ തനിനിറം ഇബ്രാഹീം സുലൈമാന്‍ സേട്ട് അന്ന് തുറന്നുകാണിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുസ് ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍
കേരളത്തിലെ ലീഗ് നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടു. കേരള ലീഗ് അതംഗീകരിച്ചിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാവുമായിരുന്നു. നരസിംഹ റാവു തന്റെ നിദ്രയുടെ ഭവിഷ്യത്ത് അനുഭവിക്കുമായിരുന്നു. മാത്രമല്ല, ഒരു കോണ്‍ഗ്രസുകാരനും പ്രിയങ്കയെ പോലുള്ള സംസാരത്തിന് മുതിരുമായിരുന്നുമില്ല.. അതിനുപുറമെ ഇന്ത്യയിലൊട്ടാകെ ലീഗിന് അവശ ജനവിഭാഗങ്ങളുട പിന്തുണ ലഭിക്കുകയും ചെയ്യുമായിരുന്നു. ഖേദകരമെന്ന് പറയട്ടെ, സേട്ടുവിനെ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കേരളത്തിലെ മുസ് ലിം ലീഗുകാര്‍ അന്ന് ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അന്നും കേരളത്തിലെ ചില മത നേതാക്കള്‍ കോണ്‍ഗ്രസ്-ലീഗ് സഖ്യം നിലനിര്‍ത്താന്‍ പാടുപെടുകയുണ്ടായി. നരസിംഹ റാവുവിന്റെ ദുഷ്‌ചെയ്തികളുടെ ഫലം ഇന്നും കോണ്‍ഗ്രസ് അനുഭവിക്കുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളും അനുഭവിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതരും ഇന്നും അതിന്റെ ബലിയാടുകളാണ്. നാം ധീരരാവുക. മുസ് ലിം കൂട്ടായ്മയായ മുസ് ലിം പേര്‍സ്‌നല്‍ ലോയെ പിന്തുണയ്ക്കുക. അല്ലാത്ത പക്ഷം ഇനിയും ബാബരികള്‍ ആവര്‍ത്തിച്ചേക്കും. സംഘപരിവാറുകള്‍ അവരുടെ അജണ്ട മാറ്റാന്‍ തയ്യാറാവട്ടെ. കോണ്‍ഗ്രസ് മൃദു സംഘ് നയം അവസാനിപ്പിക്കട്ടെ. അന്ന് നമ്മുടെ അജണ്ട പുന: പരിശോധിക്കുന്നതിനെ കുറിച്ച് നമുക്കും ആലോചിക്കാം. മുസ് ലിം പേര്‍സനല്‍ ലോ ബോര്‍ഡ്, കേരള മുഖ്യമന്ത്രി, മുസ് ലിം ലീഗിന്റെ സഖ്യകക്ഷിയായ ഡിഎംകെ, സമസ്തയുടെ ആദരണീയ പണ്ഡിതന്‍ ബഹാഉദ്ദീന്‍ കൂരിയാട് തുടങ്ങിയവരുടെ ധീരമായ നിലപാടുകള്‍ ഇതോടൊന്നിച്ചു തുടര്‍ന്നുകാണുക. (എസ് ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും അസദുദ്ദീന്‍ ഉവൈസി എംപിയെയുമെല്ലാം നമുക്ക് വിടാം). മറുവശത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അന്തംവിട്ട കളിയും ഇന്ത്യയുടെ അധികാരം എന്നും തങ്ങളുടെ കൈ കളിലൊതുക്കാന്‍ സംഘ്പരിവാര്‍ അജണ്ടയും ഇതിനോട് അറ്റാച്ച് ചെയ്യാം.
Mujahid scholar MI Muhammadali Sulami disagrees with Hussein Madaoor