കനത്ത മഴ; മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം
ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.
മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ലോക്കല്‍ പോലിസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.
നഗരത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നതായി മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് സ്ഥിരീകരിച്ചു. മുംബൈയില്‍ ബുധനാഴ്ച പകല്‍ മുഴുവന്‍ കനത്ത മഴയായിരുന്നു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് റോഡുകളും റെയില്‍ പാതകളും അടച്ചിട്ടിരിക്കുകയാണ്. അടുത്ത നാല് ദിവസത്തേക്ക് മുംബൈ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.