മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ് (വീഡിയോ)
പ്രശ്‌നത്തെ മതപരമായ വിഷയമാക്കി പരിമിതപ്പെടുത്താനാണ് സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന വി ഡി സതീശന്റെ നിലപാട് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. വസ്തുതകള്‍ക്ക് വിരുദ്ധമായ വി ഡി സതീശന്റെ നിലപാട് സംഘപരിവാര്‍ നുണപ്രചരണങ്ങളെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളുയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നത്തെ മതപരമായ വിഷയമാക്കി പരിമിതപ്പെടുത്താനാണ് സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. അത് ദുഷ്ടലാക്കാണ്. ഫാറൂഖ് കോളേജ് സ്ഥാപിച്ചത് പോലും ഒരു മതവിഭാഗത്തിന് വേണ്ടി ആയിരുന്നില്ല. ഭൂമി വഖ്ഫ് ചെയ്തിട്ടുള്ളത് ഫാറൂഖ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ്.
എല്ലാ മതവിഭാഗങ്ങളും വഖ്ഫ് ഭൂമിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്. എല്ലാ ജാതി വിഭാഗങ്ങളിലും പെട്ടവര്‍ ഫാറൂഖ് കോളജില്‍ നിന്ന് നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വഖഫ് ഭൂമിക്കെതിരായ നീക്കം മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള നീക്കമാണ്. മുനമ്പത്ത് പൊതുസമൂഹത്തിന് ഉപകാരപ്രദമാവേണ്ട ഭൂമിയാണ് സ്വകാര്യ വ്യക്തികളും റിസോര്‍ട്ട് ഉടമകളും കൈക്കലാക്കിയിരിക്കുന്നത്.
ഈ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് തിരിച്ചുപിടിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിധത്തില്‍ വിനിയോഗിക്കണം എന്നതാണ് കേരളത്തിന്റെ പൊതു താല്പര്യം. പൊതു സമൂഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ നിലപാടില്‍ നിന്ന് വി ഡി സതീശന്‍ പിന്മാറണം. കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. വിഷയം പഠിക്കാതെയുള്ള ലീഗ് പ്രതികരണം ഖേദകരമാണ്. സ്വന്തം അണികള്‍ക്ക് എങ്കിലും ബോധ്യമാകുന്ന തരത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ലീഗ് തയ്യാറാവണം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കേണ്ട ലീഗ് നേതൃത്വം വി ഡി സതീശന്റെ നിലപാടിനോട് ഓരം ചേര്‍ന്ന് നില്‍ക്കുന്നത് പൊതു താല്‍പര്യത്തിനെതിരാണ്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് വിവിധ കോടതികളും മുഖ്യമന്ത്രിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ പലതവണ വ്യക്തമാക്കിയതാണ്.
മുനമ്പം വഖഫ് ഭൂമിയില്‍ താമസിക്കുന്നവരെ സംരക്ഷിക്കണം. അവരെ വഴിയാധാരമാക്കരുത്. വിഷയത്തില്‍ സമഗ്രവും ശാശ്വതവും നീതിപൂര്‍വവുമായ തീരുമാനമെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.
Full View