''വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസമുണ്ടോ?''-മുനമ്പം കേസില്‍ വഖ്ഫ് ട്രിബ്യൂണല്‍

കോഴിക്കോട്: വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കാന്‍ തടസമുണ്ടോയെന്ന് കോഴിക്കോട് വഖ്ഫ് ട്രിബ്യൂണല്‍. മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ട്രിബ്യൂണല്‍ ഇങ്ങനെ ചോദിച്ചത്. മുനമ്പത്തെ ഭൂമി സിദ്ധീഖ് സേഠ് വഖ്ഫ് ചെയ്‌തെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2019ലാണ് ഭൂമി വഖ്ഫാണ് എന്ന് കണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. അതിന് മുമ്പ് തന്നെ ഫാറൂഖ് കോളജ് സ്ഥലം വിറ്റിട്ടുണ്ടെങ്കില്‍ ആ വില്‍പ്പനക്ക് നിയമപരമായി നിലനില്‍ക്കില്ലേയെന്ന ചോദ്യമാണ് ട്രിബ്യൂണല്‍ ഉന്നയിച്ചിരിക്കുന്നത്. രേഖകള്‍ പരിശോധിച്ച് മാത്രമേ ഇതിന് മറുപടി നല്‍കാനാവൂ എന്നാണ് വഖ്ഫ് ബോര്‍ഡ് ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. 1988, 1990 കാലങ്ങളിലായി 225 പേര്‍ക്ക് ഭൂമി വിറ്റിട്ടുണ്ടെന്ന് ഫറൂഖ് കോളജ് ട്രിബ്യൂണലിനെ അറിയിച്ചു. 1988ല്‍ 74 പേര്‍ക്കും 1990ല്‍ 151 പേര്‍ക്കും ഉള്‍പ്പെടെ ആകെ 225 പേര്‍ക്കാണ് ഭൂമി വിറ്റുതുലച്ചത്. ബാക്കിയുള്ള ഭൂമിയുടെ അളവ് അറിയിക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.