മുണ്ടക്കയത്ത് മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം; മൃതദേഹം വിട്ടുനല്‍കി

തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇടക്കുന്നം പീടികയില്‍ അബ്ദുള്‍ സലാം(72) മരിച്ചത്.

Update: 2020-07-14 06:52 GMT

കോട്ടയം: മുണ്ടക്കയം ഇടക്കുന്നത് മരിച്ച ഓട്ടോ ഡ്രൈവര്‍ക്കു കൊവിഡില്ലെന്നു പരിശോധനാഫലം. കൊവിഡ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, പരിശോധനാഫലം പുറത്തുവന്നതോടെ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഇടക്കുന്നം പീടികയില്‍ അബ്ദുല്‍ സലാം(72) മരിച്ചത്. ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശ്വാസതടസവും, വൃക്കരോഗവും അനുഭവപ്പെട്ട ഇദ്ദേഹത്തിനു ന്യുമോണിയ ആണെന്നായിരുന്നു പ്രാഥമികനിഗമനം. തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസ്റ്റീവാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതെത്തുടര്‍ന്നു ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട ബന്ധുക്കള്‍ അടക്കം 48 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ മരണശേഷം സാംപിളുകളെടുത്തു നടത്തിയ പരിശോധനയിലാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. മരണശേഷം ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ച ശേഷം അടിയന്തരപരിശോധന നടത്തുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചെന്ന് ആദ്യം റിപോര്‍ട്ട് വന്നെങ്കിലും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ ഒരിടത്തുപോലും കൊവിഡ് പോസിറ്റീവായ ഒരാളെ പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അതീവജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News