ഉന്നാവോ ഇര അപകടത്തില്‍പെട്ട സംഭവം; ബിജെപി എംഎല്‍എയ്‌ക്കെതിരേ വധശ്രമത്തിന് കേസെടുത്തു
ലഖ്‌നൗ: ഉന്നാവോ ബലാല്‍സംഗ ഇര അപകടത്തില്‍പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരേ വധശ്രമത്തിന് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പോലിസ്. എംഎല്‍എയടക്കം പത്തോളം പേര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെയാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് അപകടമുണ്ടായത്. അപകടശേഷം ഇത് എംഎല്‍എയും സംഘവും കരുതിക്കൂട്ടി നടത്തിയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബവും രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍. ഇന്ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയെത്തുടര്‍ന്നാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തത്.
ഐപിസി 302, 307, 506,120-ബി എന്നീ വകുപ്പുകളാണ് എംഎല്‍എയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ബിജെപി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചും രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറാണ് കഴിഞ്ഞരാത്രി അപകടത്തില്‍പ്പെട്ടത്. എംഎല്‍എയുടെ സഹോദരനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന അമ്മാവനെ കണ്ടുമടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ വധശ്രമമുണ്ടായത്. കാര്‍ അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകനും പെണ്‍കുട്ടിക്കും ഗുരുതരമായി പരുക്കേറ്റു.