കൊല്ലത്ത് രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Update: 2025-03-19 13:17 GMT

കൊല്ലം: മയ്യനാട് താന്നിയില്‍ രണ്ടരവയസുകാരനെ കൊന്ന് അച്ഛനും അമ്മയും തൂങ്ങിമരിച്ചു. അജീഷ്, ഭാര്യ സുലു മകന്‍ ആദി എന്നിവരാണ് മരിച്ചത്. ആദിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അജീഷും സുലുവും തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിനകത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.

അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയില്‍ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയല്‍ക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണവിവരം വെളിവായത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.