കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; രക്തംവാര്‍ന്ന് മൃതദേഹങ്ങള്‍, കൊലപാതകമെന്ന് സംശയം
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്തം വാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. മൃതദേഹങ്ങളില്‍ വസ്ത്രവുമുണ്ടായിരുന്നില്ല. സംഭവം കൊലപാതകമാണെന്ന് സംശയമുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടില്‍ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു.