പുതുപെരിയാരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന്‍ പോലിസ് പിടിയില്‍
പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പോലിസിലേല്‍പ്പിച്ചു.
പാലക്കാട്: പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പോലിസ് പിടിയില്‍. മൈസൂരില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പോലിസിലേല്‍പ്പിച്ചു.
ഇന്നലെയാണ് വൃദ്ധ ദമ്പതികളായ ചന്ദ്രന്‍ (65), ദേവി (55) എന്നിവരെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തുള്ള മകള്‍ സൗമിനി രാവിലെ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്
ഇരുവരുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. പാലക്കാട് എസ്പി ആര്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്നലെ ഇവരോടൊപ്പമുണ്ടായിരുന്ന മകന്‍ സനലിനെ രാവിലെ മുതല്‍ കാണാനുണ്ടായിരുന്നില്ല. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മുംബൈയില്‍ ജ്വല്ലറിയില്‍ ജോലി ചെയ്തു വരികയായിരുന്ന സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ നാളായി വീട്ടിലുണ്ട്. സനല്‍ ബംഗഌരുവിലേക്ക് കടന്നതായി പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. മോഷണ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പോലിസ് വ്യക്തമാക്കിയത്.