മുര്‍ഷിദാബാദിലെ കൊലപാതകത്തില്‍ അതിര്‍ത്തിരക്ഷാ സേനക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനര്‍ജി

Update: 2025-04-16 13:30 GMT
മുര്‍ഷിദാബാദിലെ കൊലപാതകത്തില്‍ അതിര്‍ത്തിരക്ഷാ സേനക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മുര്‍ഷിദാബാദിലുണ്ടായ ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു വിഭാഗം, കേന്ദ്ര ഏജന്‍സികള്‍, ബിജെപി എന്നിവര്‍ ബംഗ്ലാദേശില്‍ നിന്ന് ആളുകളെ അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിച്ചെന്ന് മമത ചൂണ്ടിക്കാട്ടി. അതിര്‍ത്തി സംരക്ഷണം ബിഎസ്എഫിന്റെ ചുമതലയാണ്. സംസ്ഥാനസര്‍ക്കാരിന് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തി സംരക്ഷിക്കാനാവില്ല. ബംഗ്ലാദേശില്‍ സംഘര്‍ഷാവസ്ഥയുണ്ടായിട്ടും അവിടെ നിന്ന് നിയമവിരുദ്ധമായി ആളുകളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഈ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും മമത പറഞ്ഞു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിഎസ്എഫിന്റെ പങ്ക് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മമത നിര്‍ദേശവും നല്‍കി. ബിഎസ്എഫ് ആര്‍ക്കൊക്കെ ധനസഹായം നല്‍കിയെന്ന കാര്യം അന്വേഷിച്ചു കണ്ടെത്തണം. ബിജെപിക്കാര്‍ എങ്ങനെയാണ് അകത്ത് വന്ന് അക്രമം നടത്തി രക്ഷപ്പെട്ടത്. രാജ്യത്തെ ഐക്യപ്പെടുത്തുന്നതിന് പകരം അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

Similar News