ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന് മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപ കൈമാറി
മംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങള്‍ക്ക് മംഗലാപുരം മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയാണ് ചെക്ക് കൈമാറിയത്.
കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. ആദ്യം മസൂദും അതിന് തുടര്‍ച്ചയായി യുവമോര്‍ച്ചാ നേതാവ് പ്രവീണും ദിവസങ്ങള്‍ക്കുള്ളില്‍ ഫാസിലും കൊല്ലപ്പെട്ടു. എന്നാല്‍, യുവമോര്‍ച്ച നേതാവിന്റെ വീട് മാത്രമാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സര്‍ക്കാര്‍ പ്രതിനിധികളും സന്ദര്‍ശിച്ചത്. മാത്രമല്ല, 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായവും യുവമോര്‍ച്ചാ നേതാവിന്റെ കുടുംബത്തിന് കൈമാറി. സഹായ വിതരണത്തില്‍ മാത്രമല്ല, കൊലക്കേസുകളുടെ അന്വേഷണത്തിലും ബിജെപി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ അന്വേഷണത്തിന് വിട്ട ഭരണകൂടം മറ്റു രണ്ട് കൊലകളും നിസ്സാരമായി കണ്ടു. ആദ്യം കൊലപാതകത്തിന് തുടക്കം കുറിച്ച ഹിന്ദുത്വരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും ഭരണകൂടവും സ്വീകരിച്ചതെന്ന ആരോപണവും ശക്തമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയപ്പോള്‍ മുസ് ലിംകളെ മാത്രം ഒഴിവാക്കിയത് ബിജെപിയുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണെന്ന് വിവിധ സംഘടനകളും മുസ് ലിം നേതാക്കളും ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ഫാസിലിന്റേയും മസൂദിന്റേയും കുടുംബങ്ങള്‍ക്ക് മംഗലാപുരം മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി നഷ്ടപരിഹാര തുക കൈമാറിയത്.