മുസ് ലിം-ദലിത് വിരുദ്ധ ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി എന്‍സിഇആര്‍ടി

അതേസമയം, എന്‍സിഇ പുസ്തകം ഉപയോഗിക്കുന്ന ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരം ചോദ്യപേപ്പര്‍ ഉപയോഗിച്ചിരിക്കാമെന്നും കേന്ദ്രീയ സംഘതന്‍ അധികൃതര്‍ വ്യക്തമാക്കി.

Update: 2019-09-07 03:37 GMT

ചെന്നൈ: കേന്ദ്രസര്‍ക്കാരിനു കീഴിലെ സ്‌കൂളുകളില്‍ മുസ്‌ലിംകളെയും ദലിതുകളെയും മോശമായി ചിത്രീകരിക്കുന്ന ചോദ്യപേപ്പര്‍ വിതരണം ചെയ്‌തെന്ന വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി രംഗത്ത്. അത്തരം ചോദ്യങ്ങള്‍ എവിടെയും ചോദിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നു കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയതായി 'ദി ഹിന്ദു' റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാരിനു കീഴിലെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ് ചോദ്യപേപ്പറില്‍ മുസ്‌ലിംകളെയും ദലിതുകളെയും മോശമായി ചിത്രീകരിക്കുന്ന വിധം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത വന്നത്. ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ സഹിതം ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ്, വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

    എന്നാല്‍, ചോദ്യപേപ്പറിനെ പൂര്‍ണമായും തള്ളാതെയാണ് അധികൃതരുടെ വിശദീകരണം. പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ മാത്രമാണിത്. പാഠഭാഗങ്ങള്‍ പൂര്‍ണമായി വായിച്ചാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളൊന്നുമില്ലെന്നുമാണ് അധികൃതരുടെ വാദം. വെള്ളിയാഴ്ചയാണ് വിവാദ പരാമര്‍ശമുള്ള രണ്ടു ചോദ്യങ്ങളുള്ള പേപ്പര്‍ പ്രചരിച്ചത്.

   


17ാമത് ചോദ്യം ഇങ്ങനെയാണ്: ദലിത് എന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്...?. തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളില്‍ നാലെണ്ണമാണുള്ളത്. (എ) വിദേശികള്‍, (ബി) തൊട്ടുകൂടാത്തവര്‍, (സി) മധ്യവര്‍ഗം, (ഡി) ഉയര്‍ന്ന വര്‍ഗം.

18ാമത് ചോദ്യം ഇങ്ങനെ: മുസ്‌ലിംകള്‍ക്കെതിരായ പൊതുധാരണ എന്താണ്...?.

ഉത്തരങ്ങളായി നല്‍കിയത് (എ) അവര്‍ പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കില്ല, (ബി) അവര്‍ ശുദ്ധ സസ്യാഹാരികളാണ്, (സി) വ്രതകാലത്ത് അവര്‍ ഉറങ്ങാറില്ല, (ഡി) ഇവയെല്ലാം എന്നിങ്ങനെയാണ്. ആറാംക്ലാസിലെ സാമൂഹിക ശാസ്ത്രം അടിസ്ഥാനമാക്കിയുള്ളതാണ് ചോദ്യം. നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്(ഐഎസ്ബിഎന്‍ 8174505113) 2018-2019 അധ്യയന വര്‍ഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിലെ രണ്ടാമത്തെ പാഠഭാഗമായ നാനാത്വവും വിവേചനങ്ങളും എന്ന അധ്യായത്തിലെ ചില പരാമര്‍ശങ്ങളാണ് ചോദ്യത്തിലുള്ളത്. ഉപതലക്കെട്ടുകള്‍ നല്‍കിയ ഭാഗത്ത് പേജ് 18ല്‍ വിവേചനം കാണിക്കുമ്പോള്‍ എന്നതിനെ കുറിച്ചും തൊട്ടടുത്ത പേജില്‍ അസമത്വവും വിവേചനവും എന്നതാണ് പാഠ്യവിഷയം. തെറ്റിദ്ധാരണകള്‍ അകറ്റുന്ന വിധത്തിലാണ് രണ്ടു പാഠഭാഗങ്ങളുമെന്നാണ് വിശദീകരണം.

മുസ്‌ലിംകളെ കുറിച്ചുള്ള പൊതുധാരണ അവര്‍ സ്ത്രീ വിദ്യാഭ്യാസത്തിനു താല്‍പര്യം കാണിക്കാത്തതിനാല്‍ പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ അയക്കാറില്ലെന്നാണ്. എന്നാല്‍, ദാരിദ്ര്യമാണ് മുസ്‌ലിം പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്കയക്കാതിരിക്കാനും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും പ്രധാന കാരണമെന്നാണ് പാഠഭാഗത്തിലുള്ളതെന്ന് അധികൃതര്‍ വാദിക്കുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനു പരിശ്രമിക്കുന്നുണ്ടെന്നും കേരളം ഇതിന് ഉത്തമമാതൃകയാണെന്നും ജോലി അവസരങ്ങളിലും മറ്റും ഇതാണ് തെളിയിക്കുന്നതെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ ദാരിദ്ര്യമാണ്, മതമല്ല മുസ്‌ലിം പെണ്‍കുട്ടികളുടെ സ്‌കൂളുകളിലെ വരവ് കുറയ്ക്കുന്നതെന്ന വരികളോടെയാണ് പാഠഭാഗം അവസാനിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

    ദലിതുകളെ കുറിച്ചുള്ള പാഠഭാഗത്ത് അവരെ കുറേകാലം പിന്നാക്ക വിഭാഗം എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ തന്നെ തൊട്ടുകൂടാത്തവര്‍ എന്ന പ്രയോഗം അവര്‍ ഇഷ്ടപ്പെടുകയും ചെയ്തു. ദലിത് എന്നാല്‍ വേറിട്ടുനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് സാമൂഹിക രംഗങ്ങളിലും വിവേചനത്തിനും കാരണമായെന്നാണ് ദലിതുകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇവരെ പട്ടിക വര്‍ഗം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം, എന്‍സിഇആര്‍ടി പുസ്തകം ഉപയോഗിക്കുന്ന ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരം ചോദ്യപേപ്പര്‍ ഉപയോഗിച്ചിരിക്കാമെന്നും കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ അധികൃതര്‍ വ്യക്തമാക്കി.





       

   




Tags:    

Similar News