മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് യുപിയില്‍ മുസ്‌ലിം തൊഴിലാളികളെ ബെല്‍റ്റ് കൊണ്ട് അടിച്ചു (വീഡിയോ)
അക്രമികള്‍ക്ക് മുന്നില്‍ കൈകൂപ്പി അടിക്കരുതെന്ന് അപേക്ഷിക്കുന്ന തൊഴിലാളികളെ തലയിലും മുഖത്തും ചവിട്ടുന്നുണ്ട്. മര്‍ദനത്തിനിരയായ തൊഴിലാളികളില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. അതായിരിക്കാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.
മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് മുസ്‌ലിം തൊഴിലാളികളെ ഹിന്ദുത്വര്‍ ബെല്‍റ്റ് കൊണ്ട് അടിച്ചു. പരസ്യമായി ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാല് യുവാക്കളെ സംഘം ചേര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ചും കാല്‌കൊണ്ടും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.
അക്രമികള്‍ക്ക് മുന്നില്‍ കൈകൂപ്പി അടിക്കരുതെന്ന് അപേക്ഷിക്കുന്ന തൊഴിലാളികളെ തലയിലും മുഖത്തും ചവിട്ടുന്നുണ്ട്.
മര്‍ദനത്തിനിരയായ തൊഴിലാളികളില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. അതായിരിക്കാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.
തങ്ങള്‍ ഇറച്ചി ഭക്ഷിച്ചിട്ടില്ലെന്ന് മര്‍ദ്ദനമേറ്റ തൊഴിലാളികള്‍ പറഞ്ഞു. യുവാക്കള്‍ വരുമ്പോള്‍ തങ്ങള്‍ ഭക്ഷണം കഴിക്കുകയായിരുന്നു. പച്ചക്കറി വിഭവങ്ങള്‍ മാത്രമാണ് ഭക്ഷണത്തിനുണ്ടായിരുന്നത്. തൊഴിലാളികള്‍ പറഞ്ഞു.
'നിര്‍മാണ ജോലിക്കെത്തിയ നാല് തൊഴിലാളികള്‍ക്കാണ് മര്‍ദനമേറ്റത്. ക്ഷേത്രത്തിന് സമീപം മരത്തണലില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടേയാണ് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. തൊഴിലാളികളെ തിരിച്ചറിയാനായിട്ടില്ല.' ബഹേരി സ്‌റ്റേഷനിലെ എസ്‌ഐ ദനഞ്ജയ് സിങ് പറഞ്ഞു.
അക്രമികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബറേലി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് മുനിരാജ് ജി പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി അറിയിച്ചു.