വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രം പച്ച പതാകയാക്കി; മുസ്‌ലിം യുവാവിനെ കൊന്നു
ഒരു പച്ച പതാക തന്റെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയതിനാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് മരിച്ച ദയാനാഥ് ഖാന്റെ സഹോദരന്‍ ശുഐബ് ഖാന്‍ ദ കോഗ്നെറ്റ് മാധ്യമത്തോട് വെളിപ്പെടുത്തി.
ബംഗളൂരു: വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രം പച്ച പതാകയാക്കിയതിന് മുസ്‌ലിം യുവാവിനെ ഒരു സംഘം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹൊന്നളി താലൂക്കിലെ ദാവന്‍ഗരയിലെ ദയനാഥ് ഖാനെയാണ് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്. ഒരു പച്ച പതാക തന്റെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയതിനാണ് തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് മരിച്ച ദയാനാഥ് ഖാന്റെ സഹോദരന്‍ ശുഐബ് ഖാന്‍ ദ കോഗ്നെറ്റ് മാധ്യമത്തോട് വെളിപ്പെടുത്തി. ഹൊന്നളിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു ദയനാഥ് ഖാന്‍. കഴിഞ്ഞദിവസമാണ് ദയനാഥ് തന്റെ പ്രൊഫൈല്‍ ചിത്രം പച്ച പതാകയാക്കിയത്. തുടര്‍ന്ന് ദയനാഥിനെ പ്രദേശവാസികളായ മൂന്ന് ചെറുപ്പക്കാര്‍ ചിത്രം മാറ്റണമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതുകാര്യമാക്കാതിരുന്ന ദയനാഥിനെ സംഘം വീണ്ടും വന്ന് ആക്രമിക്കുകയായിരുന്നു. ചിത്രം മാറ്റാത്തതിന് അവര്‍ തന്റെ സഹോദരനെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കുകയും ചെയ്തുവെന്നും ശുഐബ് ദ കോഗ്നെറ്റ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തുടര്‍ന്ന് സാരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിയ ദയനാഥിനു നേരെ അവിടെയും സംഘത്തിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് കൊല്ലപ്പെടുന്നത്. ആക്രമണം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന നേരത്തെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ശുഐബ് പറയുന്നു. തുടര്‍ന്ന് പരാതിപ്പെടാന്‍ ദയനാഥിന്റെ കുടുംബം ധൈര്യപ്പെട്ടതുമില്ല. പിന്നീട് യുവാവ് മരിച്ചതോടെയാണ് സംഭവം പോലിസില്‍ അറിയുന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തു. ഹേമന്ത്, ലോഹിത്, സന്‍ജു എന്നീ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.