സിഎഎ: ഏതറ്റം വരെയും പോരാടുമെന്ന് യൂത്ത് ലീഗ്; നൈറ്റ് മാര്‍ച്ചുമായി ഡിവൈഎഫ് ഐ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഏതറ്റം വരെയും പൊരുതുമെന്ന് മുസ് ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. മുസ്!ലിം ജനവിഭാഗത്തെ ഭയപ്പെടുത്താനുള്ള ശ്രമത്തിനു മുന്നില്‍ കീഴടങ്ങില്ല. ജനാധിപത്യ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ കേസില്‍ പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് കോടതിയില്‍ അടിയന്തിരമായി ഉന്നയിക്കും. വെറുപ്പിന്റെയും വിഭാഗീയതയുടെയും അജണ്ടകളല്ലാതെ മറ്റൊന്നും ബിജെപിയുടെ കൈയിലില്ലെന്ന് തെളിയുകയാണെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു. അപകടകരമായ ഈ നിയമം രാജ്യത്തെയാകെ അപകടത്തിലാക്കും. ഇതിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ പോരാട്ടങ്ങള്‍ നടക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഇന്ന് രാത്രി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.