നാഗാലാന്‍ഡിലെ സംഘര്‍ഷാവസ്ഥ; മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി

Update: 2021-12-05 12:51 GMT

കോഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 12 ഗ്രാമീണരടക്കം 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ക്രമസമാധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ താല്‍ക്കാലികമായി റദ്ദാക്കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. വെടിവയ്പ്പ് നടന്നശേഷം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്.

ഇന്റര്‍നെറ്റ്, എസ്എംഎസ് ദുരുപയോഗം ചെയ്യുന്നതിലൂടെ ജില്ലയില്‍ സംഘര്‍ഷം ആളിക്കത്തിക്കാതിരിക്കാനും പൊതുസമാധാനം തകര്‍ക്കുന്നത് തടയാനും വേണ്ടിയാണ്. 1885 ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം മോണ്‍ ജില്ലയുടെ മുഴുവന്‍ പ്രദേശത്തുമുള്ള എല്ലാ സേവന ദാതാക്കളുടെയും മൊബൈല്‍ ഇന്റര്‍നെറ്റ്/ ഡാറ്റാ സേവനം/ബള്‍ക്ക് എസ്എംഎസ് എന്നിവ ഉടന്‍ നിരോധിച്ച് നാഗാലാന്‍ഡ് ആഭ്യന്തര കമ്മീഷണര്‍ അഭിജിത്ത് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്എംഎസ്, വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി കിംവദന്തികളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുകയും വികാരങ്ങള്‍ ആളിക്കത്തിക്കുകയും പ്രകോപനപരമായ ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രചരിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടിയെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. കോഹിമയിലെ ഹോണ്‍ ബില്‍ ഫെസ്റ്റിവലും നിര്‍ത്തിവച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സായുധരെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ആളുമാറി വെടിവച്ചതാണെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ ഗ്രാമവാസികള്‍ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാസേനയെ വളഞ്ഞു. ഇവരുടെ വാഹനം കത്തിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News