നന്ദിഗ്രാം ഗുണ്ടായിസത്തിന് സാക്ഷിയാവുന്നു; സിംഹത്തെ പോലെ പ്രതികരിക്കുമെന്ന് മമത ബാനര്‍ജി
നന്ദിഗ്രാമിലെ സ്ത്രീകള്‍ ഈ ഗുണ്ടകളെ പാത്രങ്ങള്‍കൊണ്ടു തല്ലുമെന്നും അവര്‍ പറഞ്ഞു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്ന് ബിജെപി ഗുണ്ടകളെ ഇറക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. അവര്‍ക്കെതിരേ താന്‍ സിംഹത്തെ പോലെ പ്രതികരിക്കും. നന്ദിഗ്രാമിലെ സ്ത്രീകള്‍ ഈ ഗുണ്ടകളെ പാത്രങ്ങള്‍കൊണ്ടു തല്ലുമെന്നും അവര്‍ പറഞ്ഞു.
സംസ്‌കാരത്തെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ക്ക് രാഷ്ട്രീയ സേവനം നടത്താന്‍ ആവില്ലെന്നും തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മമത പറഞ്ഞു. 'ഗുണ്ടാ വിളയാട്ടത്തിനാണ് നന്ദിഗ്രാം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ടിഎംസി ഓഫിസ് നശിപ്പിക്കപ്പെട്ട ബിറുലിയയില്‍ തങ്ങള്‍ ഒരു പൊതുയോഗം നടത്തി. സുവേന്ദു അധികാരി അയാള്‍ക്ക് തോന്നിയത് പ്രവര്‍ത്തിക്കുകയാണ്. കളിക്കാന്‍ തനിക്കും അറിയാം. താനും സിംഹത്തെപ്പോലെ പ്രതികരിക്കും. താന്‍ ഒരു റോയല്‍ ബംഗാള്‍ കടുവയാണ്'-മമത മുന്നറിയിപ്പ് നല്‍കി.
'അവര്‍ തന്നെ ആക്രമിച്ചു. നന്ദിഗ്രാമില്‍ നിന്ന് ആരും തന്നെ ആക്രമിച്ചില്ല, പക്ഷേ നിങ്ങള്‍ (ബിജെപി) ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ കൊണ്ടുവന്നു'-മാര്‍ച്ച് 10ന് നന്ദിഗ്രാമില്‍വച്ച് പരിക്കേല്‍ക്കുകയും കാലിന് ഒടിവുണ്ടാവുകയും ചെയ്ത സംഭവത്തെക്കുറിച്ച് മമത പറഞ്ഞു. തങ്ങള്‍ സ്വതന്ത്ര്യവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നു. അവര്‍ വന്നാല്‍, സ്ത്രീകള്‍ അവരെ പാത്രങ്ങള്‍ കൊണ്ട് അടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.