മാധ്യമങ്ങളെ കണ്ടതൊക്കെ കൊള്ളാം; റഫാലില്‍ മോദി എന്തുകൊണ്ട് തന്നോട് ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയതിന് ശേഷം നരേന്ദ്രമോദി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. വാർത്താസമ്മേളനം നടത്തിയത് നല്ല കാര്യമാണെന്നും എന്നാൽ റാഫാല്‍ വിഷയത്തില്‍ തന്നോട് സംവാദത്തിന് തയ്യാറാവാതെ ഒളിച്ചോടുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷായെ കൂടെക്കൂട്ടി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പാണ് മോദി മാധ്യമങ്ങളെ കണ്ടത്. ഇത് അസാധാരണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം നടക്കുന്ന അതേ സമയത്ത് തന്നെയാണ് രാഹുലിന്റേയും വാർത്താസമ്മേളനം.
'ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റഫാലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.' രാഹുല്‍ ചോദിച്ചു. അതേസമയം, പ്രതിപക്ഷസഖ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ജനം തീരുമാനിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.
തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ പക്ഷപാതം കാണിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തിരഞ്ഞെപ്പ് ഷെഡ്യൂളുകള്‍ ഉണ്ടാക്കിയത് മോദിജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണെന്നും മോദിയുടേയും ബിജെപിയുടേയും കയ്യില്‍ പണമുണ്ടെന്നും ഞങ്ങളുടെ കയ്യില്‍ സത്യം മാത്രമാണ് ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് പോരാടുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം കൊണ്ടു വരേണ്ടതുണ്ട്. ഞങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നതില്‍ ആദ്യത്തേത്ത് ബിജെപിയെ പരാജയപ്പെടുത്തുക രണ്ടാമത്തേത് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം നടപ്പാക്കുക, മൂന്നാമത്തേത് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതുമാണ്. അവരുടെ ലക്ഷ്യവും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. മായാവതി ജിയെയും, മുലായാംസിങ്ജിയെയും മമതാജിയെയും ചന്ദ്രബാബു നായിഡു ജിയെയും എനിക്ക് ഒരിക്കലും മോദി സര്‍ക്കാരിനെ പിന്തുണക്കുന്നതായി എനിക്ക് കാണാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.