മുസ് ലിംങ്ങളെ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ച നരേന്ദ്ര മോദി അവരോട് മാപ്പ് പറയണം: അമര്‍ത്യ സെന്‍
ന്യൂഡല്‍ഹി: മുസ്ലിം പൗരന്മാരെ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് മാപ്പ് പറയണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായ അമര്‍ത്യ സെന്‍. ദി വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രം എന്ന സങ്കല്പത്തിനേറ്റ തിരിച്ചടിയാണെന്നും മുസ്ലിങ്ങളെ നുഴഞ്ഞു കയറ്റക്കാര്‍ എന്ന് വിളിച്ചത് വലിയ തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
'ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെയാണ് മോദി അപമാനിക്കുന്നത്. മുസ്ലിങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മോദിയുടെ മനസിന്റെ പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തയെക്കുറിച്ച് വല്ലാത്ത ആശങ്കയുണ്ട്,' അമര്‍ത്യ സെന്‍ പറഞ്ഞു.
രാജസ്ഥാനിലെ ബനസ്വരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനെ വോട്ട് ചെയ്തു അധികാരത്തിലെത്തിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറ്റക്കാര്‍ ആയവര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്നു പരാമര്‍ശം. നിങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണമെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? നിങ്ങള്‍ ഇതിനെ അംഗീകരിക്കുന്നുണ്ടോ? എന്നായിരുന്നു മോദി ചോദിച്ചത്.
തന്റേത് ജൈവിക ജന്മമല്ലെന്നും, ദൈവത്തിന്റെ ജോലി ചെയ്യാന്‍ തന്നെ ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള മോദിയുടെ അവകാശവാദം തീര്‍ത്തും അസംബന്ധമാണെന്നും വ്യാമോഹമാണെന്നും സെന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പൊരുത്തപ്പെടാനാവാത്തതു കൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ് മോദി. എന്താണ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് പോലും ധാരണയില്ലാത്ത അവസ്ഥയിലാണ് മോദി ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.