ഭൂമിയുടെ നേരെ വന്ന ഛിന്നഗ്രഹത്തിന്റെ പാത വിജയകരമായി മാറ്റിയതായി നാസ

160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസ് എന്ന ചെറുഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയാണ് നാസയുടെ ഡാര്‍ട്ട് ബഹിരാകാശ പേടകം മാറ്റിയത്.

Update: 2022-10-12 01:36 GMT
വാഷിങ്ടണ്‍: കഴിഞ്ഞ മാസം നാസയുടെ ബഹിരാകാശ പേടകം ഭൂമിയുടെ നേരെ വരാന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മനപ്പൂര്‍വ്വം ഇടിച്ചുകയറി അതിന്റെ സഞ്ചാരപാഥ വിജയകരമായി മാറ്റിയെന്ന് ഏജന്‍സി അധികൃതര്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസ് എന്ന ചെറുഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയാണ് നാസയുടെ ഡാര്‍ട്ട് ബഹിരാകാശ പേടകം മാറ്റിയത്.

ദൂരദര്‍ശിനികളുടെ സഹായത്തോടെ കഠിന പ്രയത്‌നത്തിലൂടെ അളവുകളെടുത്താണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രപഞ്ചം നമ്മുക്ക് നേരെ എറിയുന്ന എന്തിനെ നേരിടാനും നാസ സജ്ജമാണെന്ന് ഈ വിജയം തെളിയിക്കുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. തങ്ങള്‍ ഭൂമിയുടെ സംരക്ഷകരാണെന്ന് തെളിയിക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. പുറപ്പെട്ട് ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ചെറുഛിന്നഗ്രഹത്തെ കടുകിട തെറ്റാതെ പേടകം ഇടിച്ചിട്ടിരുന്നു.

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.

ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചിരുന്നു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയംകുറയ്ക്കാനും സഞ്ചാര പാത മാറ്റാനും ദൗത്യത്തിന് കഴിഞ്ഞു.

Tags:    

Similar News