വിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ സിപിഎം പരാതി, കേസെടുത്തു

Update: 2022-08-15 16:40 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടികള്‍ സ്വന്തം കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് ചര്‍ച്ചയാവുന്നു. വയനാട് മുസ് ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതിനെതിരേ പോലിസ് കേസെടുത്തതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. സിപിഎം പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്തിട്ടുള്ളത്.

വിവിധ ജില്ലകളില്‍ സിപിഐ, സിഐടിയു തുടങ്ങിയ സംഘടനകളുടെ കൊടിമരത്തിലും പതാക ഉയര്‍ത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മുതുതല പഞ്ചായത്തില്‍ സിപിഐയുടെ പെരുമുടിയൂര്‍ തറ ബ്രാഞ്ചിന്റെ കീഴില്‍ ആശാരി പടിയിലെ കൊടിമരത്തിലാണ് കെട്ടിയ ദേശീയ പതാക ഉയര്‍ത്തിയിട്ടുള്ളത്. തിരുവല്ലയില്‍ ഇത്തരത്തില്‍ വ്യാപാരി സംഘടനയുടെ കൊടിമരത്തില്‍ പതാക കെട്ടിയതിന്റെ ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, വയനാട് കണിയാമ്പറ്റയില്‍ മുസ് ലിം ലീഗ് കൊടി മരത്തില്‍ പതാക ഉയര്‍ത്തിയതിനെതിരേ മാത്രമാണ് പരാതി നല്‍കിയിട്ടുണ്ട്. ദേശീയ പതാകയെ അപമാനിച്ചതായി കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി കമ്പളക്കാട് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പോലിസ് അറിയിച്ചു.

Tags:    

Similar News