'' ദിവ്യയുടെ ഭീഷണിയുള്ളതിനാല്‍ നവീന്‍ ബാബു വേട്ടയാടല്‍ ഭയപ്പെട്ടു; അത് മരണത്തിലേക്ക് നയിച്ചു'' കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

Update: 2025-03-29 12:44 GMT
 ദിവ്യയുടെ ഭീഷണിയുള്ളതിനാല്‍ നവീന്‍ ബാബു വേട്ടയാടല്‍ ഭയപ്പെട്ടു; അത് മരണത്തിലേക്ക് നയിച്ചു കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടിരുന്നതായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രം പറയുന്നു. മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന ബോധ്യത്താലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

പെട്രോള്‍ പമ്പിന് എന്‍ഒസി തേടിയിരുന്ന പ്രശാന്തനും നവീന്‍ ബാബുവും നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നു. എന്‍ഒസി ലഭിക്കുന്നതിനു മുമ്പ് പ്രശാന്തന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. എന്‍ഒസി അനുവദിക്കും മുന്‍പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം പ്രശാന്തന്‍, നവീന്‍ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. പ്രശാന്തന്‍ പറഞ്ഞത് കേട്ട പി പി ദിവ്യ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പൊതുമണ്ഡലത്തില്‍ ആരോപണം ഉന്നയിക്കുകയാണ് ചെയ്തതെന്നും കുറ്റപത്രം പറയുന്നു. പെട്രോള്‍ പമ്പിന് അപേക്ഷിച്ച പ്രശാന്തന്‍ കേസില്‍ 43ാം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Similar News