എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ കാവി വെട്ട്; മുഗള്‍ രാജവംശത്തിന് പകരം കുംഭമേള

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജവംശത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കുള്ള സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് മുഗള്‍ രാജവംശത്തിന്റെ സുപ്രസിദ്ധമായ 300 വര്‍ഷവും ഡല്‍ഹി സുല്‍ത്താനേറ്റിന്റെ 320 വര്‍ഷവും ഒഴിവാക്കിയത്. മഹാകുംഭമേള, കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നീ പദ്ധതികളുടെ വിശദാംശങ്ങളുമാണ് പകരമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പുസ്തകത്തിലാണ് കാവിത്തിരുത്ത്.
സാമൂഹ്യ ശാസ്ത്രത്തിന് 2 പുസ്തകങ്ങളാണ് ഉള്ളത്. പുസ്തകത്തിന്റെ ഒന്നാം ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അതേസമയം ഒഴിവാക്കിയ ഭാഗങ്ങള്‍ രണ്ടാമത്തെ പുസ്തകത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല. മുഗള്‍, ഡല്‍ഹി രാജവംശങ്ങളെപ്പറ്റിയുള്ള പാഠഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം പുസ്തകത്തില്‍ ചുരുക്കിയിരുന്നുവെങ്കില്‍ ഇത്തവണ പൂര്‍ണമായും ഒഴിവാക്കി. രാജ്യത്തിന്റെ ചരിത്രം ഹിന്ദുത്വ ദേശീയതയുടെ കാഴ്ച്ചപാടില്‍ മാറ്റിയെഴുതാനാണ് ശ്രമം നടക്കുന്നത്.