നീറ്റ്-യുജി കൗണ്‍സലിങ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചില്ല

Update: 2024-07-06 09:35 GMT

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കിടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (യുജി) കൗണ്‍സിലിങ് മാറ്റി. അതേസമയം, പുതിയ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകളുണ്ടായ പശ്ചാത്തലത്തിലാണ് കൗണ്‍സിലിങും മാറ്റിയത്. ബിജെപി നേതാക്കളുടെ കൈകളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 'നീറ്റ്-യുജി പ്രശ്‌നം ദിനംപ്രതി വഷളാവുകയാണ്. ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ജൈവ വിദ്യാഭ്യാസ മന്ത്രിയും അവരുടെ പ്രകടമായ കഴിവില്ലായ്മയ്ക്കും വിവേകശൂന്യതയ്ക്കും കൂടുതല്‍ തെളിവ് നല്‍കുന്നുവെന്നും അദ്ദേഹം എക്‌സില്‍ പരിഹസിച്ചു.

    നേരത്തേ, വിവാദമായ നീറ്റ്‌യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാരും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യും സുപ്രിം കോടതിയില്‍ എതിര്‍ത്തിരുന്നു. പരീക്ഷ റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നായിരുന്നു വിശദീകരണം. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എന്‍ടിഎയും വെവ്വേറെ സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരുന്നത്.

Tags:    

Similar News