ഭക്ഷണവും വെള്ളവുമില്ല; ശ്രമിക്ക് ട്രെയിനുകളില്‍ ഇതുവരെ മരിച്ചത് 80 കുടിയേറ്റ തൊഴിലാളികള്‍; കണക്കുകള്‍ പുറത്ത് വിട്ട് റെയില്‍വെ
3840 വണ്ടികളിലായി അന്‍പത് ലക്ഷം തൊഴിലാളികള്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനായി യാത്ര തിരിച്ച ശ്രമിക്ക് ട്രെയിനുകളില്‍ മരിച്ചത് 80 കുടിയേറ്റ തൊഴിലാളികള്‍. മേയ് 9 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ കണകുകളാണ് റെയില്‍വേ മന്താലയം പുറത്ത് വിട്ടത്.
3840 വണ്ടികളിലായി അന്‍പത് ലക്ഷം തൊഴിലാളികള്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക് ട്രെയിന് യാത്രക്കിടെ മരിച്ചവരുടെ കണക്ക് റെയില്‍വേ സുരക്ഷാ സേന പുറത്തുവിടുന്നത്. പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ട്രെയിനുകളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചൂട്, ക്ഷീണം, വിശപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഭക്ഷണവും വെള്ളവും ലഭ്യമാകാത്ത നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഈയടുത്ത ദിവസങ്ങളില്‍ ഒന്‍പതോളം പേര്‍ ശ്രമിക് ട്രെയിനുകളില്‍ മരിച്ചിരുന്നു. എന്നാല്‍ റെയില്‍വേ മന്ത്രാലയം ഇവരെ ഏറെനാളായി സുഖമില്ലാതിരുന്നവരാണ് എന്ന കണക്കിലാണ് പെടുത്തിയിരിക്കുന്നത്. ഇവര്‍ ചികിത്സാര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്. മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികില്‍സയില്‍ തുടരുന്നവരുമാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. അതേസമയം, ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ മരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തുവിടുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പ്രതികരിച്ചു.