'ഹിന്ദുരാജ ഭരണം പുനസ്ഥാപിക്കണം'; നേപ്പാളിൽ ഹിന്ദുത്വരുടെ തെരുവുകലാപം, പ്രതിഷേധക്കാരുടെ കൈവശം യോഗിയുടെ പ്ലക്കാർഡുകളും

Update: 2025-03-28 14:02 GMT
ഹിന്ദുരാജ ഭരണം പുനസ്ഥാപിക്കണം; നേപ്പാളിൽ ഹിന്ദുത്വരുടെ തെരുവുകലാപം, പ്രതിഷേധക്കാരുടെ കൈവശം യോഗിയുടെ പ്ലക്കാർഡുകളും

കാഠ്മണ്ഡു: ഹിന്ദു രാജഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍ ഹിന്ദുത്വരുടെ പ്രതിഷേധം. വീടുകളും വാഹനങ്ങളും തകര്‍ത്ത ഹിന്ദുത്വവാദികള്‍ അക്രമം വ്യാപകമാക്കിയതോടെ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ മൂന്നു പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ടിന്‍കുനെ പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.


നേപ്പാളിലെ മാവോവാദി പാര്‍ട്ടി 1996 മുതല്‍ നടത്തിയ സായുധ സമരത്തിനൊടുവില്‍ 2008ലാണ് ഹിന്ദു രാജഭരണം അവസാനിച്ചത്. 240 വര്‍ഷം നീണ്ടു നിന്ന രാജഭരണം അവസാനിച്ചതോടെ നേപ്പാളിന് പുതിയഭരണഘടനയും ലഭിച്ചു. ഇതോടെ നേപ്പാള്‍ മതനിരപേക്ഷ ജനാധിപത്യ രാജ്യമായി മാറി. എന്നാല്‍, അധികാരത്തില്‍ നിന്ന് പുറത്തായ ഗ്യാനേന്ദ്ര രാജാവും സംഘവും വെറുതെ ഇരുന്നില്ല. രാജഭരണം പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. രാജഭരണം പുനസ്ഥാപിക്കണമെന്ന് ഫെബ്രുവരി 19ന് രാജാവ് വീഡിയോ സന്ദേശം പുറത്തുവിടുകയും ചെയ്തു.


ഇന്ത്യയിലെ കുംഭമേളയും മറ്റും കഴിഞ്ഞ് രാജാവ് നേപ്പാളില്‍ തിരികെ എത്തി. ഇതിന് ശേഷം മാര്‍ച്ച് ഒമ്പതിന് രാജഭരണ അനുകൂലികള്‍ രാജാവിന്റെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുമായി പ്രകടനങ്ങള്‍ നടത്തി.


ഒരാഴ്ച്ചക്കുള്ളില്‍ രാജ്യത്തെ ഹിന്ദു രാജഭരണത്തില്‍ ആക്കിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് രാജഭരണത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന സമിതിയുടെ കണ്‍വീനറായ നബരാജ് സുബേദി പറഞ്ഞു. ഹിന്ദു രാജാവിന് കീഴില്‍ പാര്‍ലമെന്ററി സംവിധാനം വ്യവസ്ഥ ചെയ്യുന്ന 1991ലെ ഭരണഘടന പ്രകാരം ഹിന്ദുരാജ്യമായി നേപ്പാള്‍ തുടരണമെന്നാണ് ആവശ്യം. എന്നാല്‍, റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് മുന്നണി ഇതിനെതിരേ രംഗത്തെത്തി. മാവോവാദി പാര്‍ട്ടിയും ഇതിന് പിന്തുണ പ്രഖ്യാപിച്ചു.

നേപ്പാളില്‍ ഹിന്ദുഭരണം പുനസ്ഥാപിക്കാന്‍ ഇന്ത്യയിലെ ബിജെപി ശ്രമിക്കുന്നതായി 2022ല്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപോര്‍ട്ട് ചെയ്തിരുന്നു. പ്രധാന രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കി ഹിന്ദു ഭരണത്തിന് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍.