തിരുവല്ലയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത് പെണ്‍കുഞ്ഞിന്റെ മൃതദേഹം; മൂന്നുദിവസത്തിലേറെ പഴക്കമെന്ന് നിഗമനം

Update: 2023-08-13 04:53 GMT

പത്തനംതിട്ട: തിരുവല്ല പുളിക്കീഴില്‍ ചതുപ്പിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്നുമുതല്‍ അഞ്ചു ദിവസം വരെയെങ്കിലും പഴക്കമുള്ള മൃതദേഹം പെണ്‍കുഞ്ഞിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപ മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കും. കുഞ്ഞിന്റെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ടനിലയിലാണ്. നായകള്‍ കടിച്ചെടുത്തതാണെന്നാണ് പോലിസിന്റെ സംശയം. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലായിരുന്നു മൃതദേഹം. അരയില്‍ കറുത്ത ചരടുണ്ടായിരുന്നു. ജനത്തിരക്കേറിയ റോഡിന് സമീപത്തുള്ള ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുതന്നെ ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി കൊണ്ടുവന്നിട്ടതാണെന്നാണ് സംശയം. പിന്നീട് നായ വലിച്ച് പുറത്തിട്ടതാവാമെന്നാണ് നിഗമനം. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ പുളിക്കീഴ് ജങ്ഷന് സമീപത്തെ വെയിറ്റിങ് ഷെഡിന്റെ പുറകില്‍ക്കൂടി ബോട്ടുജെട്ടിയിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. സമീപത്തെ ഗ്ലാസ് കടയിലെ ജീവനക്കാരന്‍ ദീപുവാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കണ്ടത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ചതുപ്പിലേക്ക് നോക്കുമ്പോള്‍ മാലിന്യത്തിനിടയില്‍ കൈപ്പത്തി പൊങ്ങിനില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് പുളിക്കീഴ് പോലിസില്‍ വിവരമറിയിച്ചു. എസ്എച്ച്ഒ ഇ അജീബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്.

Tags:    

Similar News