ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമോ? ഈ ടെസ്റ്റ് ചെയ്താല്‍ അറിയാം
കവിളിനകത്തെ കോശങ്ങളുടെ സ്വഭാവത്തില്‍ നിന്ന് ഇക്കാര്യം അറിയാമെന്ന് ഗവേഷകര്‍
ന്യൂയോര്‍ക്ക്: ഒരാളുടെ മരണം അടുത്തവര്‍ഷത്തിനുള്ളില്‍ സംഭവിക്കുമോ എന്നറിയാന്‍ കഴിയുന്ന ടെസ്റ്റ് വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് ഗവേഷകര്‍. കവിളിന് അകത്തുള്ള കോശങ്ങളുടെ സ്വഭാവം പരിശോധിച്ച് മരണ സാധ്യത കണ്ടെത്താന്‍ കഴിയുന്ന ടെസ്റ്റാണ് ഇനി അത്യാധുനിക ലാബുകളില്‍ വരാന്‍ പോവുന്നത്. 'ചീക്ക് ഏജ്' എന്ന പേരാണ് ടെസ്റ്റിന് നല്‍കിയിരിക്കുന്നത്.
കവിളിന് അകത്തെ കോശങ്ങളും രക്തവും പരിശോധിച്ചാല്‍ ഒരാളുടെ ജൈവിക പ്രായം അറിയാന്‍ സാധിക്കും. കോശങ്ങളിലെ ഡിഎന്‍എയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഏതൊക്കെയാണ്, അവയുടെ സ്വഭാവം എന്താണ് എന്നൊക്കെ പരിശോധിച്ചാല്‍ ജൈവിക പ്രായത്തെ എന്തൊക്കെ സ്വാധീനിക്കും എന്നും അറിയാനാവും. ഇതിനൊപ്പം, ശരീരഭാര അനുപാതം, സ്‌ട്രെസ് ലെവല്‍, വിദ്യഭ്യാസം തുടങ്ങി നിരവധി കാര്യങ്ങളും പരിശോധിക്കും. ജൈവിക പ്രായം കൂടുന്നതിന് അനുസരിച്ച് വരാവുന്ന അസുഖങ്ങളും കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ സാധ്യതയും ഇതോടെ അറിയാനാവും. ഇവയെല്ലാം കൂടി പരിഗണിച്ചാണ് മരണസാധ്യത വിലയിരുത്തുക.
സാധാരണഗതിയില്‍ പ്രായം അളക്കുന്ന വര്‍ഷക്കണക്ക് രീതിക്ക് പുറമെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ എത്രകാലം ജീവിച്ചു എന്നു കണ്ടെത്താനും ടെസ്റ്റ് സഹായിക്കും. ഇത് ഒരാള്‍ എത്രകാലം കൂടി ജീവിക്കും എന്ന് അനുമാനിക്കാനും സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയയിലെ ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസര്‍ ഡേവിഡ് ഫര്‍മാന്‍ പറഞ്ഞു.
ഡിഎന്‍എയുടെ ഭാഗമായ മീഥൈല്‍ തന്മാത്രകളുടെ സ്വഭാവം കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നതാണ് ടെസ്റ്റിന്റെ വിജയം. ജീനുകള്‍ പ്രവര്‍ത്തിക്കണമോ പ്രവര്‍ത്തനം നിര്‍ത്തണമോ എന്നീ കാര്യങ്ങളെയൊക്കെ ഈ മീഥൈല്‍ തന്‍മാത്രകള്‍ സ്വാധീനിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി 15000 പേരിലാണ് പരിശോധനകള്‍ നടത്തിയതെന്ന് ഡേവിഡ് ഫര്‍മാന്‍ വിശദീകരിച്ചു. ഹ്യൂമന്‍ ജീനോമിലെ നാലര ലക്ഷം സ്‌പോട്ടുകളിലെ മീഥൈല്‍ ഗ്രൂപ്പുകളാണ് പരിശോധനക്ക് വിധേയമായത്. ടെസ്റ്റിനിടെ മരണപ്പെട്ടവരുടെ റിസള്‍ട്ടുകള്‍ ചീക്ക് ഏജിന്റെ കണ്ടെത്തലിന് തുല്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാളുടെ ജൈവിക പ്രായത്തിന്റെ വേഗം കണ്ടെത്തുന്നത് മറ്റു പല കാര്യങ്ങള്‍ക്കും ഗുണം ചെയ്യും. ജൈവിക പ്രായത്തിന്റെ വേഗം കുറക്കേണ്ടതുണ്ടോ, വേഗം കുറക്കാന്‍ എന്തൊക്കെ ചെയ്യാം എന്നീ കാര്യങ്ങള്‍ക്കാണ് ഇത് ഗുണം ചെയ്യുക. എന്നാല്‍, ഇക്കാര്യത്തില്‍ എന്തൊക്കെ ചികില്‍സകള്‍ കൊണ്ടുവരാമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല. പരീക്ഷണങ്ങള്‍ തുടരുകയാണെന്ന് മാത്രം ഡേവിഡ് ഫര്‍മാന്‍ പറയുന്നു.