വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍
ദുരിതാശ്വാസ ക്യാംപില്‍ മൂന്നുദിവസം സ്വന്തം കട്ടിലിനടിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം: വലിയതുറയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളില്‍ ഉപേക്ഷിച്ച അമ്മയെ പോലിസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാംപില്‍ മൂന്നുദിവസം സ്വന്തം കട്ടിലിനടിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാരാണ് കരിയിലക്കൂട്ടത്തിനിടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ വലിയതുറ സ്വദേശി ഷിജിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയുമായി നാലു വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് അകന്നു കഴിയുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപായ വലിയതുറ ഗോഡൗണില്‍ മറ്റ് കുടുംബങ്ങള്‍ക്കൊപ്പമാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം ക്യാംപിലെ മറ്റ് ആളുകളോട് മറച്ചു വച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാന്‍ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്.
മൃതദേഹം ക്യാംപില്‍ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വന്നു തുടങ്ങിയപ്പോള്‍ കരിയിലക്കൂട്ടത്തിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. വലിയതുറ പാലത്തിന് അടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയതുറ പോലിസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.