എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം: മുസ് ലിംകള്‍ക്കെതിരായ സംഘപരിവാര്‍ വിദ്വേഷ പ്രചാരണം പൊളിഞ്ഞു; പ്രതി ഹിന്ദു യുവാവ്

Update: 2022-09-08 06:24 GMT

മൈസൂര്‍: മൈസൂരിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട വാര്‍ത്ത വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കി സംഘപരിവാരും ഹിന്ദുത്വ നേതാക്കളും. കര്‍ണാടകയിലെ സംഭവം വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ച് മുസ് ലിം വിരുദ്ധ വിദ്വേഷ പ്രചാരകന്‍ പ്രതീഷ് വിശ്വനാഥും രംഗത്തെത്തി.


സെപ്തംബര്‍ 2 ന്, മൈസൂരു നഗരത്തില്‍ നിന്നുള്ള സായാഹ്ന പത്രമായ സ്റ്റാര്‍ ഓഫ് മൈസൂര്‍, 21 കാരിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി അപൂര്‍വ ഷെട്ടിയെ നഗരത്തിലെ ഹുന്‍സൂര്‍ റോഡിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടനുസരിച്ച്, ഇരയായ പെണ്‍കുട്ടി തന്റെ കാമുകനാണെന്ന് കരുതുന്ന ഒരാളോടൊപ്പം ഹോട്ടലില്‍ മുറിയെടുത്തതായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് രക്ഷപ്പെട്ടു. ഹിങ്കല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആഷിക് എന്ന 28കാരനാണ് പ്രതിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ വാര്‍ത്തയാണ് ഹിന്ദുത്വര്‍ വര്‍ഗീയ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചത്.


വാര്‍ത്താ റിപ്പോര്‍ട്ടില്‍ ലഭ്യമായ ഇരയുടെയും പ്രതിയുടെയും ഫോട്ടോ കൊളാഷ് ട്വീറ്റ് ചെയ്ത് സുദര്‍ശന്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സാഗര്‍ കുമാര്‍ ഹിന്ദിയില്‍ 'എന്റെ അബ്ദുല്‍ മറ്റുള്ളവരെപ്പോലെയല്ല' എന്ന അടിക്കുറിപ്പ് എഴുതി. 'ഇത് എത്രകാലം തുടരും?' എന്ന കുറിപ്പോടെ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വാര്‍ത്ത പോസ്റ്റ് ചെയ്തു.

പ്രതിക്ക് മുസ്‌ലിം പേരുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു വര്‍ഗീയ പ്രചാരണം. ലവ് ജിഹാദ് ആരോപണവും ഉയര്‍ന്നു. 'ഒരു കാര്യം എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്, നല്ല വിദ്യാഭ്യാസമുള്ള, സുന്ദരിയായ ഒരു ഹിന്ദു പെണ്‍കുട്ടി എങ്ങനെയാണ് വൃത്തികെട്ട തൊഴില്‍ രഹിതരായ എം ആണ്‍കുട്ടികളിലേക്ക് വീഴുന്നത്?' @RituRathaur എന്ന ട്വിറ്റര്‍ ഉപയോക്താവ് ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡിലായ @HKupdate, മറ്റൊരു ഹിന്ദു പെണ്‍കുട്ടിയെ അവളുടെ 'ആഷിക്ക്' കൊലപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തു. സീ ന്യൂസ്, ടൈംസ് ഓഫ് ഇന്ത്യ മലയാളം, ന്യൂസ് 18 കന്നഡ, ടിവി കന്നഡ, മാതൃഭൂമി എന്നിവയും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂസ് 18 കന്നഡയിലും ടിവി9 കന്നഡയിലുമല്ലാതെ ബാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രതിയെ ആഷിക് എന്നാണ് വിളിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടുകളിലും അദ്ദേഹത്തിന്റെ ജാതിയോ മതമോ പരാമര്‍ശിക്കുന്നില്ല.

സംഭവത്തില്‍ ആള്‍ട്ട് ന്യൂസ് നടത്തിയ വസ്തുതാന്വേഷണത്തിലാണ് സംഘപരിവാര വര്‍ഗീയ പ്രചാരണം പൊളിഞ്ഞത്. കേസില്‍ വര്‍ഗീയ കോണില്ലെന്ന് മൈസൂര്‍ ഡിസിപി പ്രദീപ് ഗുണ്ടിയോട് (ക്രമസമാധാനം) പറഞ്ഞു. ഞങ്ങള്‍ ദേവരാജ പോലീസ് സ്‌റ്റേഷനിലും എത്തി, അവിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് സ്ഥിരീകരിച്ചു, പ്രതിയുടെ പേര് ആഷിഖ് അല്ലെന്നും ആഷിഷ് എന്നാണെന്നും, ഇരയും പ്രതിയും ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആള്‍ട്ട് ന്യൂസിന് എഫ്‌ഐആറിന്റെ പകര്‍പ്പും ലഭിച്ചു. അവിടെ പ്രതിയെ 'ആശിഷ്' എന്ന് വ്യക്തമായി പേര് നല്‍കിയിരിക്കുന്നു.

എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍, പ്രതികള്‍ ആശിഷ് എന്ന പേരില്‍ ഓഗസ്റ്റ് 29 ന് ഹോട്ടല്‍ ബുക്ക് ചെയ്തതായി കണ്ടെത്തി. ആഗസ്റ്റ് 30 ന് ഇര അവസാനമായി കുടുംബവുമായി സംസാരിച്ചു, ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ 1 നും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. എഫ്‌ഐആറില്‍ ഒരിടത്തും കേസിന് വര്‍ഗീയ കോണുണ്ടെന്ന് പരാമര്‍ശിച്ചിട്ടില്ല.

ആള്‍ട്ട് ന്യൂസ് ഇരയുടെ പിതാവ് രവീഷ് കുമാര്‍ എച്ച് ടി (53) യുമായി സംസാരിച്ചു. പ്രതി ഹിന്ദു സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് സ്ഥിരീകരിച്ചു.

ചുരുക്കിപ്പറഞ്ഞാല്‍, മൈസൂരില്‍ 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം പ്രതിയുടെ പേര് ആഷിക് എന്ന തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണത്തിന് ഇടയാക്കിയത്.

Tags:    

Similar News