കേട്ടുകേള്‍വിയില്ലാത്ത സംഘടനയുടെ പേരില്‍ തമിഴ്നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്
രാവിലെ മുതല്‍ താംബരം, പുതുക്കോട്ട, കന്യാകുമാരി തുടങ്ങി വിവിധ മേഖലകളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതുവരെ, അറസ്റ്റുകളൊന്നും സ്ഥിരീകരിക്കുകയോ റെയ്ഡുകളില്‍ കുറ്റകരമായ രേഖകളൊന്നും കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്തുവരുന്നതായും റിപോര്‍ട്ടുണ്ട്. ഹിസ്ബുത്തഹ് രീറില്‍ ചേരാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് റോയ പീതയിലെ ഒരു പിതാവും മകനും ഉള്‍പ്പെടെയുള്ള മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നാണ് റിപോര്‍ട്ട്.
റെയ്ഡുകള്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മുസ് ലിം സമുദായത്തെ ലക്ഷ്യമിടാനും ഭയപ്പെടുത്താനുമുള്ള ഉപാധിയാണ് നടപടികളെന്ന് സാമൂഹിക പ്രവര്‍ത്തകനായ നയീം പറഞ്ഞു. ഇത്തരമൊരു സംഘടന ഇന്ത്യയില്‍ നിലവിലില്ല. മുസ് ലിംകളെ ഭയപ്പെടുത്താന്‍ ഓരോ ദിവസവും പുതിയ എന്തെങ്കിലും ശ്രമം നടക്കുന്നു. മുസ് ലിംകളോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റം അവസാനിപ്പിക്കണം. സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.