വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി നല്‍കി; മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ (വീഡിയോ)

Update: 2025-04-08 12:10 GMT
വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി നല്‍കി; മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ (വീഡിയോ)

നോയ്ഡ: വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി കൊടുത്തയച്ച ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ഗ്രെയിറ്റര്‍ നോയ്ഡ സെക്ടര്‍ രണ്ടിലെ ലഖ്‌നോവി കബാബ് പറാത്ത എന്ന കടയുടെ ഉടമയായ രാഹുല്‍ രാജ്‌വന്‍ഷിയാണ് അറസ്റ്റിലായിരിക്കുന്നത്. ഹിന്ദുക്കളുടെ നവരാത്രി ആചാരത്തിന്റെ ഭാഗമായി വ്രതത്തിലായിരുന്ന ഛായ ശര്‍മ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വ്രതത്തിലായിരുന്ന ഛായ ശര്‍മ വെജിറ്റബിള്‍ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍, ചിക്കന്‍ ബിരിയാണിയാണ് ലഭിച്ചത്. ഇത് അറിയാതെ ഏതാനും പിടി കഴിക്കുകയും ചെയ്തു. ചിക്കന്‍ പീസുകള്‍ കണ്ടപ്പോഴാണ് തെറ്റ് മനസിലായത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ഇട്ടു. തന്നെ കൊണ്ട് കരുതിക്കൂട്ടി ചിക്കന്‍ കഴിപ്പിച്ചു എന്നും കരഞ്ഞുകൊണ്ട് ഛായ ശര്‍മ ആരോപിച്ചു. ഇതു വൈറലായതോടെയാണ് പോലിസ് ഇവരെ കണ്ടെത്തി പരാതി എഴുതി വാങ്ങിയത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഹോട്ടലുടമക്ക് തെറ്റുപറ്റിയെങ്കിലും അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഏതു നിയമപ്രകാരമാണ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തതെന്നും അവര്‍ ചോദിച്ചു. നവരാത്രി ആഘോഷ സമയത്ത് നോണ്‍ വെജ് ഹോട്ടലില്‍ നിന്നും വെജിറ്റേറിയന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തത് തന്നെ തെറ്റാണെന്നും ചിലര്‍ വാദിച്ചു.

Similar News