വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെന്ന് പരാതി; സിപിഎം വാര്‍ഡ് അംഗത്തിനെതിരേ ജാമ്യമില്ലാ കേസ്

Update: 2022-02-03 12:26 GMT

കടയ്ക്കല്‍: വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്ത ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെന്ന പരാതിയില്‍ സിപിഎം വാര്‍ഡ് അംഗത്തിനെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് മെംബറും സിപിഎം നേതാവുമായ അമ്മൂട്ടി മോഹനനെതിരേയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്. ക്രമക്കേടിനു കൂട്ടുനിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്.

മാങ്കോട് വാര്‍ഡിലെ താമസക്കാരനായിരുന്നില്ല മോഹനന്‍. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വ്യാജരേഖകളുടെ സഹായത്തോടെ മോഹനന്‍ മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുകയായിരുന്നു എന്നാണ് പരാതി. ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മീഷനെയും പോലിസിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതും.

ക്രമക്കേടിന് കൂട്ടുനിന്നുവെന്ന ആരോപണമുയര്‍ന്ന പഞ്ചായത്ത് സെക്രട്ടറി സുനിലിനും യുഡി ക്ലാര്‍ക്ക് ബിനുവിനുമെതിരേയാണ് കേസെടുത്തത്. സംഭവം നടന്ന സമയത്ത് താനായിരുന്നില്ല ചുമതലയിലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ലറിക്കല്‍ പിഴവാകാനാണ് സാധ്യതയെന്നും താന്‍ രേഖകളില്‍ കൃത്രിമം നടത്തിയിട്ടില്ലെന്നും അമ്മൂട്ടി മോഹനനും വിശദീകരിക്കുന്നു.

Tags:    

Similar News