കിം-ട്രംപ് ഉച്ചകോടി പരാജയം: അഞ്ച് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം

ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഉത്തരകൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പത്രം റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ ഒരു തെളിവും പത്രം നല്‍കിയിട്ടില്ല.

Update: 2019-05-31 09:28 GMT

സോള്‍: യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ യുഎസ് പ്രത്യേക പ്രതിനിധി ഉള്‍പ്പെടെയുള്ള അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വധിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമം ചോസുന്‍ ഇല്‍ബോ റിപോര്‍ട്ട് ചെയ്യുന്നു. ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഉത്തരകൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പത്രം റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ ഒരു തെളിവും പത്രം നല്‍കിയിട്ടില്ല.

ഫെബ്രുവരിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം തിരികെ എത്തി അധികം വൈകുംമുന്‍പ് കിം ഹ്യോക് ചോളിനെ ഫയറിങ് സ്‌ക്വാഡ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പത്രം പറയുന്നത്.രാജ്യത്തിന്റെ പരമോന്നത തലവനോട് വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ചാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട മറ്റു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.മാര്‍ച്ച് മാസത്തില്‍ മിറിം വിമാനത്താവളത്തില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

മുതിര്‍ന്ന് ഉദ്യോഗസ്ഥരായ കിം യോങ് ചോളിനെ ശിക്ഷയുടെ ഭാഗമായി ലേബര്‍ ക്യാംപിലേക്ക് അയക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന ഹാനോയ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ പ്രത്യേക നയതന്ത്ര പ്രതിനിധിയായാണ് കിം ഹ്യോക് ചോള്‍ പങ്കെടുത്തത്. കിം ജോങ് ഉന്നുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥാനാണ് കിം ഹ്യോക് ചോള്‍. യുഎസ് സന്ദര്‍ശനത്തില്‍ കിം ജോങ് ഉന്നിനൊപ്പം പ്രത്യേക തീവണ്ടിയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഉച്ചകോടിയിയില്‍ കിം ജോങ് ഉന്നിനു വേണ്ടി പരിഭാഷ നടത്തിയ ഷിന്‍ ഹേ യോങ് എന്ന ഉദ്യോഗസ്ഥയെ ജയിലിലടച്ചതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു.ഉച്ചകോടിക്ക് അവസാനം ആണവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടപാടുകള്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് ട്രംപ് മടങ്ങുന്നതിനിടയില്‍, കിം മുന്നോട്ടുവെച്ച പുതിയൊരു നിര്‍ദേശം യഥാ സമയം പരിഭാഷപ്പെടുത്തുന്നതില്‍ ഷിന്‍ ഹേ യോങ് പരാജയപ്പെട്ടതാണ് കിം ജോങ് ഉന്നിനെ പ്രകോപിപ്പിച്ചത്.

Tags:    

Similar News