ചേര്‍ത്തലയിലേത് കുറുവാ സംഘമല്ല; മോഷ്ടാക്കള്‍ നാട്ടുകാര്‍ തന്നെ
എസ്എല്‍ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുണ്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കുറുവാ സംഘമെന്ന പേരില്‍ പരിഭ്രാന്തി പരത്തിയ മോഷണ സംഘം നാട്ടുകാര്‍ തന്നെയെന്ന് പോലിസ്. കുറുവ സംഘമെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മോഷണ സംഘത്തിന്റെ ദൃശ്യങ്ങളില്‍ കണ്ടവരെ മാരാരിക്കുളം പോലിസ് പിടികൂടി. എസ്എല്‍ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുണ്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. ദൃശ്യങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലെത്തിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേര്‍ത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘത്തിന്റേതെന്ന തരത്തില്‍ പ്രചരിച്ചത്. ആളുകളെ അപായപ്പെടുത്തി വലിയ കവര്‍ച്ചകള്‍ നടത്തുന്ന സംഘമാണ് ഇവരെന്ന പ്രചാരണമായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്.
തിരുവിഴ ഭാഗത്തെ ഒരു വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ ഓടിപ്പോകുന്നതും കാണാമായിരുന്നു. പോലിസ് ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാര്‍ തന്നെയാണ് ഈ മോഷണത്തിന് പിറകിലെന്ന് പോലിസ് കണ്ടെത്തിയത്. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് പോലിസ് പറയുന്നു. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലും അര്‍ത്തുങ്കല്‍ പോലിസ് സ്‌റ്റേഷനിലും ഇവര്‍ക്കെതിരേ കേസുകളുണ്ട്. ഇവരെ മോഷണം നടന്ന വീടുകളിലെത്തിച്ച് ഇന്നും നാളെയുമായി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളില്‍ കഴിഞ്ഞ 27ാം തിയ്യതി രാത്രി നടന്ന മോഷണശ്രമത്തിന് പിന്നില്‍ കുറുവാ സംഘമാണെന്നായിരുന്നു വ്യാപക പ്രചാരണം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം, സിസിടിവിയില്‍ കുടുങ്ങിയതോടെയാണ് കുറുവാസംഘമെന്ന പ്രചരണമുണ്ടായത്. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളില്‍ ആയിരുന്നു മോഷണശ്രമം.
അഞ്ച് വര്‍ഷം മുമ്പ് കോട്ടയം അയര്‍ക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തില്‍ പെട്ടവര്‍ എല്ലാം ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ കോട്ടയത്ത് എത്തിയത് കുറുവാ സംഘമാണോ എന്ന്് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജില്ലാ പോലിസ് മേധാവി ഡി ശില്‍പ പറഞ്ഞു. സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയില്‍ ജനങ്ങള്‍ തന്നെ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വെമ്പള്ളിയില്‍ തമിഴ്‌നാട് സ്വദേശിയായ ഒരാളെ കുറുവാ സംഘാംഗമെന്ന പേരില്‍ നാട്ടുകാര്‍ തടഞ്ഞ് വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ചേര്‍ത്തലയിലേത് കുറുവാ സംഘമല്ലെന്ന് വ്യക്തമായതോടെ പ്രദേശ വാസികളുടെ ഭീതി ഒഴിഞ്ഞിരിക്കുകയാണ്.