സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകര്‍ ദിവസവും മൂന്ന് മണിക്കൂര്‍ വീതം കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന സംവിധാനം നടപ്പിലാക്കാനും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ശേഷിക്കുന്ന പരീക്ഷകള്‍ നടത്തുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ലോക്ക് ഡൗണിനിടയില്‍ പരീക്ഷാ നടത്തിപ്പ് നിശ്ചലമായതിനാല്‍ വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനോട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി മനീഷ് സിസോദിയ ഇക്കാര്യം ചര്‍ച്ച ചെയ്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായും കേന്ദ്രം നടത്തിയ യോഗത്തിലായിരുന്നു ചര്‍ച്ച.
ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകര്‍ ദിവസവും മൂന്ന് മണിക്കൂര്‍ വീതം കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന സംവിധാനം നടപ്പിലാക്കാനും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അടുത്ത അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സിലബസ് 30% കുറയ്ക്കണമെന്നും ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള കോഴ്‌സുകളുടെ എണ്ണം കുറയ്ക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചതായി മനീഷ് സിസോദിയ ട്വിറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ സ്‌കൂള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവ അടഞ്ഞു കിടക്കുകയാണ്.
ബോര്‍ഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ വിലയിരുത്തല്‍ പ്രക്രിയ ആരംഭിക്കാനും അതത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ സിബിഎസ്ഇയെ സഹായിക്കാനും യോഗത്തില്‍ രമേഷ് പോഖ്രിയാല്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു. 22 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും 14 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാരും സമ്മേളനത്തില്‍ പങ്കെടുത്തു. എച്ച്ആര്‍ഡി സഹമന്ത്രി സഞ്ജയ് ധോത്രെ, സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി അനിത കാര്‍വാള്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.