'സാത്വിക് സര്‍ട്ടിഫൈഡ്' സസ്യാഹാരവുമായി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ട്രെയ്‌നുകള്‍
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ 'സാത്വിക് സര്‍ട്ടിഫൈഡ്' ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള ട്രെയ്‌നുകളില്‍ സസ്യാഹാരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. തീര്‍ഥാടനത്തിനുള്ള ട്രെയിന്‍ യാത്ര സസ്യഭക്ഷണ സൗഹൃദമാക്കാനാണ് ഐആര്‍സിടിസിയുടെ നീക്കം.
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ 'സാത്വിക് സര്‍ട്ടിഫൈഡ്' ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഐആര്‍സിടിസിയുമായി ധാരണയിലെത്തിയതായി സാത്വിക് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഐആര്‍സിടിസി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സസ്യ ഭക്ഷണത്തിന് നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനമാണ് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആല്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയൊന്നും ഇല്ലാത്ത പൂര്‍ണ സസ്യ ഭക്ഷണ ഉത്പന്നങ്ങള്‍ക്കാണ് സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്യ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളില്‍ സസ്യ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ഐആര്‍സിടിസിയുമായി കൈകോര്‍ക്കുന്നതായി സാത്വിക് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐആര്‍സിടിസിയുമായി ചേര്‍ന്ന് നവംബര്‍ 15 മുതല്‍ സാത്വിക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യ ഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.
ഐആര്‍സിടിസി ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ സാത്വിക് സര്‍ട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇത്തരത്തിലുള്ള 18 ട്രെയിനുകളില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആര്‍സിടിസിയുടെ പാചകശാലകള്‍ കൂടാതെ, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, ബഡ്ജറ്റ് ഹോട്ടലുകള്‍, ഫുഡ് പ്ലാസകള്‍, ട്രാവല്‍ ടൂര്‍ പാക്കേജുകള്‍, റെയില്‍നീര്‍ പ്ലാന്റുകള്‍ എന്നിവയ്ക്കും സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.