ജാതിവിവേചനത്തിന് ഇരയായ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

ജാതി വിവേചനങ്ങള്‍ക്കെതിരേ രാജേശ്വരിക്ക് പിന്തുണ അറിയിച്ച എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ അവര്‍ നേരിടേണ്ടി വന്ന ജാതിവിവേചനത്തെക്കുറിച്ച് ചോദിച്ചറിയുകയും അവരുടെ നീതിക്കായി നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

Update: 2020-10-16 12:17 GMT

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ കടുത്ത ജാതിവിവേചനം നേരിടേണ്ടിവന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റിനെ നാഷണല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. തെര്‍ക്കുതിട്ടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ദലിത് വിഭാഗത്തില്‍നിന്നുള്ളായതിന്റെ പേരില്‍ കടുത്ത വിവേചനത്തിന് ഇരയായത്.

ജാതി വിവേചനങ്ങള്‍ക്കെതിരേ രാജേശ്വരിക്ക് പിന്തുണ അറിയിച്ച എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ അവര്‍ നേരിടേണ്ടി വന്ന ജാതിവിവേചനത്തെക്കുറിച്ച് ചോദിച്ചറിയുകയും അവരുടെ നീതിക്കായി നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.


വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മറ്റുള്ളവര്‍ കസേരയിലിരിക്കെ രാജേശ്വരിയെ നിലത്തിരുത്തിയത്. ദലിത് വിഭാഗത്തില്‍ നിന്നായതിന്റെ പേരിലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്റ് സമ്മതിച്ചില്ലെന്നും രാജേശ്വരി കുറ്റപ്പെടുത്തിയിരുന്നു.

പഞ്ചായത്ത് യോഗം നടക്കുമ്പോഴെല്ലാം തറയിലാണ് ഇരുത്തിയത്. മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ജനുവരിയിലാണ് രാജേശ്വരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തെര്‍ക്കുതിട്ടെ പഞ്ചായത്തില്‍ ആകെയുള്ള 500 കുടുംബങ്ങളില്‍ 100 കുടുംബങ്ങളാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്.

സംഭവം വിവാദമായതോടെ വൈസ് പ്രസിന്റ് മോഹന്‍ രാജനെതിരേ എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം കേസെടുക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News