പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളി മൂലം: എന്‍ഡബ്ല്യുഎഫ്

സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്.

Update: 2020-07-17 04:41 GMT

കോഴിക്കോട്: പാലത്തായിയില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളിയുടെ ഫലമാണെന്ന് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഷാഹിന. തുടക്കം മുതല്‍ തന്നെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും കൈക്കൊണ്ടത്.

പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സ്ത്രീകളും കുട്ടികളും ഇടതുഭരണത്തില്‍ സുരക്ഷിതരായിരിക്കും എന്ന് ഫേസ് ബുക്കിലൂടെ പ്രസ്താവനയിറക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ ഇത്തരം നീതി നിഷേധങ്ങള്‍ നടമാടുന്നത് അത്യന്തം വേദനാജനകവും ലജ്ജാകരവുമാണ്. സംഭവത്തെ കുറിച്ച് പ്രതികരിക്കാതിരിക്കുന്ന വനിതാ കമ്മീഷനും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നു.

സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്. പോക്‌സോ കേസുകളില്‍ സാധാരണ പാലിക്കാറുള്ള നടപടി ക്രമങ്ങളില്‍ നിന്ന് ഭിന്നമായ സമീപനം പോലിസ് സ്വീകരിച്ചത് അതിനാലാണ്. പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനും പിന്നീട് പോക്‌സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനും ശ്രമിച്ചത്.

പുനരന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബാലികയോട് ചെയ്ത ഈ നീതി നിഷേധത്തിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷാഹിന പ്രസ്താവനയില്‍ പറഞ്ഞു. 

Tags:    

Similar News