എസ് പി സിയില്‍ ഹിജാബ് നിരോധനം: ഹിന്ദുത്വ പൊതുബോധത്തിന്റെ സ്വാധീനം ഭരണകൂട നടപടികളില്‍ പ്രതിഫലിക്കുന്നത് അപകടകരമെന്ന് എന്‍ഡബ്ല്യുഎഫ്
കോഴിക്കോട്: സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് മതേരതര നിലപാടിന് വിരുദ്ധമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല.
നമ്മുടെ രാജ്യത്ത് സൈന്യത്തില്‍ പോലും മതപരമായ വേഷം അനുവദിച്ചിരിക്കെ സ്റ്റുഡന്റ് പോലിസ് കേഡറ്റില്‍ ഇത് മതേതര വിരുദ്ധമാകുമെന്ന കാഴ്ചപ്പാട് വിചിത്രമാണ്. ഹിജാബും ഫുള്‍ സ്ലീവും അംഗീകരിക്കാതിരിക്കലാണ് മതേതര വിരുദ്ധം. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തെ നിഷേധിക്കുന്ന നടപടിയാണിത്. ഹിന്ദുത്വ പൊതുബോധത്തിന്റെ സ്വാധീനം ഭരണകൂട നടപടികളില്‍ പ്രതിഫലിക്കുന്നത് അപകടകരമാണെന്നും അവര്‍ ചൂണ്ടികാട്ടി.
വസ്ത്ര സ്വാതന്ത്ര്യം എന്ന പേരില്‍ ചെറിയൊരു വിഭാഗം ഉയര്‍ത്തിക്കൊണ്ട് വന്ന ജെന്റര്‍ ന്യൂട്രല്‍ യൂനിഫോം എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളിലും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരം മുസ് ലിം വിരുദ്ധ നടപടികളില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്ത പക്ഷം നാഷണല്‍ വിമന്‍സ് ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.
സ്വത്വബോധം അഭിമാനമായി ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം എല്ലാ വിഭാഗത്തിനും ലഭ്യമാകണം. അത് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് അത് നിരന്തരമായി നിഷേധിക്കപ്പെടുകയാണ്. കാംപസില്‍ ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ കര്‍ണാടകയില്‍ നടക്കുന്ന പോരാട്ടം രാജ്യാന്തരതലത്തില്‍ ചര്‍ച്ച ആയിരിക്കുകയാണ്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്‍ ഡബ്ല്യു എഫ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ജസീല വ്യക്തമാക്കി.