തോക്ക് വാഗ്ദാനം ചെയ്ത് പണം വാങ്ങി; പത്തംഗ സംഘത്തിന്റെ മര്‍ദനമേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിശോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ പത്ത് പേരേയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Update: 2022-07-11 13:51 GMT

പാലക്കാട്: അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ അടിയേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിശോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ പത്ത് പേരേയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തോക്ക് നല്‍കാമെന്ന ധാരണയില്‍ പണം തട്ടിയെന്നാരോപിച്ച് ജൂണ്‍ 30നാണ് പത്തംഗസംഘം വിനായകനെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന നന്ദകിശോര്‍ മര്‍ദ്ദനമേറ്റ ദിവസം തന്നെ മരണമടഞ്ഞിരുന്നു. വിനായകന്റെ ആരോഗ്യനില മോശമാണെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വൃക്ക അടക്കമുള്ള ആന്തരാവയവങ്ങള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.

തോക്ക് നല്‍കാമെന്ന ധാരണയില്‍ ഒരുലക്ഷം രൂപയാണ് സംഘം നല്‍കിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് തോക്ക് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സംഘം വിനായകനേയും നന്ദകിശോറിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ വിനായകനോട് മാത്രമേ ചോദിച്ചറിയാന്‍ സാധിക്കൂവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും പോലിസിന്റെ കസ്റ്റഡിയിലാണ്. കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News