ഒരേയൊരു വോട്ടറെ തേടി അവര്‍ സഞ്ചരിച്ചത് 483 കിലോമീറ്റര്‍
അരുണാചല്‍ പ്രദേശിലെ വനപ്രദേശത്തുള്ള ഒരേയൊരു വോട്ടര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത് നാല് ദിവസം. താണ്ടിയത് 483 കിലോമീറ്റര്‍. മലമ്പാതകളും ഇളകുന്ന പാലങ്ങളും താണ്ടി ദീര്‍ഘദൂരം നടന്നുള്ള യാത്ര.
മലോഗാം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഓരോ വോട്ടര്‍ക്കും തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് പോളിങ് ഉദ്യോഗസ്ഥര്‍ താണ്ടുന്നത് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമുള്ള കടമ്പകള്‍. അരുണാചല്‍ പ്രദേശിലെ വനപ്രദേശത്തുള്ള ഒരേയൊരു വോട്ടര്‍ക്ക് വേണ്ടി ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത് നാല് ദിവസം. താണ്ടിയത് 483 കിലോമീറ്റര്‍. മലമ്പാതകളും ഇളകുന്ന പാലങ്ങളും താണ്ടി ദീര്‍ഘദൂരം നടന്നുള്ള യാത്ര.
ഒരേ സമയം, ആവേശവും ഭീതിയും ജനിപ്പിക്കുന്നതായിരുന്നു ആ യാത്രയെന്ന് പോളിങ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഗമ്മര്‍ ബാം പറഞ്ഞു. ആകെയുള്ള ഒരു വോട്ടര്‍ എത്തിയാല്‍ 100 ശതമാനം പോളിങ്. ഇല്ലെങ്കില്‍ പൂജ്യം ശതമാനം. ഏപ്രില്‍ 11ന് ആദ്യ ഘട്ട പോളിങിന്റെ രണ്ട് ദിവസം മുമ്പാണ് ബാമിന്റെയും സംഘത്തിന്റെയും യാത്ര ആരംഭിച്ചത്. 3,600 അടി ഉയരത്തിലുള്ള മലമുകളിലെ ജില്ലാ ആസ്ഥാനമായ ഹവായിയില്‍ ആയിരുന്നു യാത്രയുടെ തുടക്കം. രണ്ട് സെറ്റ് വോട്ടിങ് യന്ത്രങ്ങള്‍, കടലാസ് കെട്ടുകള്‍, ബക്കറ്റ്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിളക്ക് എന്നിവയുമായായിരുന്നു യാത്ര.
പൊട്ടിപ്പൊളിഞ്ഞ റോഡില്‍ തുടങ്ങിയ യാത്ര ഉച്ചകഴിഞ്ഞതോടെ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നുപോകാവുന്ന കാട്ടുപാതയിലൂടെയായി. കാട്ടുചെടികളും മരക്കമ്പുകളും വകഞ്ഞു മാറ്റി പാമ്പുകളുണ്ടോ എന്ന് ശ്രദ്ധിച്ച് ഓരോ അടിയിലും അപകടം പതിയിരിക്കുന്ന നീക്കം.
മലകയറുന്നതിനിടയിലാണ് അവര്‍ ആ വിവരം അറിഞ്ഞത്. തങ്ങള്‍ ഇത്രയും ദൂരം തേടിയെത്തിയ സൊകേല തയാങ് എന്ന വോട്ടര്‍ ഗ്രാമത്തില്‍ ഇല്ല. എന്നാല്‍, ബാം നിരാശനായില്ല. റോഡരികില്‍ തന്നെ പോളിങ് ബൂത്ത് ഒരുക്കുകയും തങ്ങള്‍ എത്തിയ വിവരം തയാങിനെ അറിയിക്കാന്‍ ഗ്രാമീണരെ ചട്ടം കെട്ടുകയും ചെയ്തു.
ടോയ്‌ലറ്റോ വൈദ്യുതിയോ സെല്‍ഫോണ്‍ സിഗ്നലോ ഇല്ലാതെ രാത്രി കഴിച്ചുകൂട്ടി. മുളങ്കമ്പ് വിരിച്ച തറയില്‍ ഉറക്കം. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പിനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ഒരേയൊരു വോട്ടര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഭയപ്പെട്ടതു പോലെ സൊകേല തയാങ് നിരാശപ്പെടുത്തിയില്ല. 8.30ഓടെ അല്‍പ്പം കഷ്ടപ്പെട്ടാണെങ്കിലും ആ 42കാരി തന്റെ ജനാധിപത്യ അവകാശം ഉപയോഗിക്കാന്‍ എത്തി. രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ പോയ തയാങ് 125 മൈല്‍ താണ്ടിയാണ് വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമായി എത്തിയത്.
ഉദ്യോഗസ്ഥര്‍ വീഡിയോ റെക്കോഡ് ചെയ്യുന്നതിനിടെ തയാങ് ബൂത്തിലേക്ക് പ്രവേശിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വിരലില്‍ മഷി പുരട്ടി. തൊട്ടടുത്ത് സ്ഥാപിച്ച പ്ലൈവുഡ് കഷണത്തിന് അപ്പുറത്തുള്ള വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തി. രണ്ട് മിനിറ്റ് കൊണ്ട് എല്ലാം അവസാനിച്ചു.
ഇത്രയും കഷ്ടപ്പെട്ട് വോട്ട് ചെയ്തിട്ടും തന്റെ പ്രദേശത്ത് യാതൊരു വികസനവും വരാത്തതിന്റെ സങ്കടം പങ്കുവച്ച് ഉദ്യോഗസ്ഥരോടൊപ്പം സെല്‍ഫിയെടുത്ത് നന്ദി പറഞ്ഞ് അവര്‍ മടങ്ങി. സൊകേല തയാങിന്റെ പണി രണ്ട് മിനിറ്റ് കൊണ്ട് തീര്‍ന്നെങ്കിലും ബാമിനും സംഘത്തിനും ഇനിയും പണികളൊരു പാട് ബാക്കിയാണ്. വോട്ടിങ് കഴിഞ്ഞെങ്കിലും ഔദ്യോഗികമായി വോട്ടിങ് തീരുന്ന സമയമായ അഞ്ച് മണിവരെ പോളിങ് ബൂത്ത് തുറന്നിരിക്കണം. രേഖകള്‍ ശരിയാക്കണം. 67 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ചെക്ക് ലിസ്റ്റ് ഒത്തുനോക്കണം. വോട്ടിങ് മെഷീന്‍ നാല് തവണ സീല്‍ ചെയ്യണം. പെന്‍സിലുകളുടെ വരെ കണക്കെടുക്കണമെന്ന് ചിരിച്ചു കൊണ്ട് ബാം പറഞ്ഞു.
എല്ലാം ശരിയാക്കിയ ശേഷം അവര്‍ വീണ്ടും മലയിറങ്ങി. വീണ്ടും രണ്ടു ദിവസത്തെ യാത്ര. പക്ഷേ, ഇക്കുറി തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തോടെ.