'രാജ്യത്ത് ഇസ്‌ലാമോഫോബിയ വര്‍ധിക്കുന്നു'; ഇന്ത്യയെ പ്രതികൂട്ടില്‍നിര്‍ത്തി ഒഐസി റിപോര്‍ട്ട്

പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഒഐസി വിദേശകാര്യ മന്ത്രിമാരുടെ 48ാമത് സെഷനില്‍ ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് അവതരിപ്പിച്ച ഇസ്‌ലാമോഫോബിയ ഒബ്‌സര്‍വേറ്ററി പീരിയോഡിക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശമുള്ളത്.

Update: 2022-03-23 15:04 GMT

ഇസ്‌ലാമാബാദ്: ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ പ്രതികൂട്ടില്‍നിര്‍ത്തി മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി) റിപോര്‍ട്ട്. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഒഐസി വിദേശകാര്യ മന്ത്രിമാരുടെ 48ാമത് സെഷനില്‍ ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് അവതരിപ്പിച്ച ഇസ്‌ലാമോഫോബിയ ഒബ്‌സര്‍വേറ്ററി പീരിയോഡിക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശമുള്ളത്.

ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായാണ് റിപോര്‍ട്ട് ഇന്ത്യയെ വിലയിരുത്തിയത്.ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദവും റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടു.

2021ല്‍ അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമോഫോബിയയുടെ ഉയര്‍ച്ചയ്ക്ക് കാരണമായ പ്രാഥമിക ഘടകങ്ങളിലൊന്നാണ് കൊവിഡ്19 എന്ന് ഇസ്‌ലാമോഫോബിയ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തീവ്രവലതുപക്ഷത്തിന്റെ അജണ്ടയോടൊപ്പം കുടിയേറ്റം, അഭയാര്‍ഥി പ്രതിസന്ധി, സായുധ, തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍, ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വിദ്വേഷ പ്രചരണം തുടങ്ങിയവും ഇസ്‌ലാമോഫോബിയക്ക് കാരണമായിട്ടുണ്ട്.

ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ റിപോര്‍ട്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും വ്യക്തമാക്കി. ഇസ്‌ലാമോഫോബിയ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് യൂറോപ്പിലാണെന്നും പഠനം വെളിപ്പെടുത്തി.തൊട്ടുപിന്നില്‍ ഏഷ്യയും തുടര്‍ന്ന് വടക്കേ അമേരിക്കയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്.

തീവ്രവലതുപക്ഷ പ്രവണതകളെ സേവിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മൂലം ഫ്രാന്‍സും ബ്രിട്ടനും ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ നിരക്കാണ് അടുത്തിടെ ഉണ്ടായതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

മ്യാന്‍മറിലെ ബുദ്ധ സന്യാസിമാരുമായുള്ള നിലവിലുള്ള സംഘര്‍ഷങ്ങളും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുമായുള്ള പിരിമുറുക്കവും കാരണം ഈ പ്രതിഭാസം ഏഷ്യയിലും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. മ്യാന്‍മറിന് പുറമെ ഇന്ത്യയിലും ശ്രീലങ്കയിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്ന് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തീവ്ര വലതുപക്ഷ ഘടകങ്ങള്‍ സാധാരണയായി നടത്തുന്ന ആക്രമണങ്ങളും സംഭവങ്ങളും അമേരിക്കന്‍ മേഖലയില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. കൊവിഡ് 19 പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇസ്‌ലാമോഫോബിയയുടെ വര്‍ദ്ധനവ് ഉണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കി.

ഇന്ത്യയെക്കുറിച്ചുള്ള ഒരു പരോക്ഷ പരാമര്‍ശത്തില്‍, ചില സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കൊവിഡ് വൈറസുകള്‍ പടര്‍ത്തുന്നതില്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്തിയതും മനഃപൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതിന് സമ്മേളനം നടത്തിയെന്ന് പ്രചരിപ്പിച്ചതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതും മറ്റ് തെറ്റായ കഥകളും മുസ്‌ലിംകള്‍ക്കെതിരായ നിരവധി ആക്രമണങ്ങളില്‍ കലാശിച്ചതായും റിപോര്‍ട്ടിലുണ്ട്.

അതേസമയം, മസ്ജിദുകള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, സമൂഹമാധ്യമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതോ പ്രവാചകനെ അധിക്ഷേപിക്കുന്നതോ ആയ സംഭവങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

ഹിജാബ് പ്രശ്‌നം

റിപ്പോര്‍ട്ട് അനുസരിച്ച്, കൊവിഡ് 19ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംരക്ഷിത മെഡിക്കല്‍ മാസ്‌കുകളുടെ വ്യാപകമായ ഉപയോഗത്തിന്റെ ഫലമായി ഹിജാബ് അല്ലെങ്കില്‍ ബുര്‍ഖ (മുഖം മൂടുപടം)യ്‌ക്കെതിരായ പ്രചാരണങ്ങളുടെ തീവ്രത 2020ല്‍ കുറഞ്ഞു. എന്നിരുന്നാലും, പകര്‍ച്ചവ്യാധി ശമിച്ചതോടെ പ്രശ്‌നം വീണ്ടും ഉയര്‍ന്നു. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഹിജാബിന് നിരോധനമുണ്ടായി.

ബെല്‍ജിയം, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ലാത്വിയ, കൊസോവോ, ശ്രീലങ്ക എന്നിവിടങ്ങളിലും സമാന നീക്കങ്ങളുണ്ടായതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Tags:    

Similar News