ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നു;1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല
സ്‌കൂട്ടറുകള്‍ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു
ന്യൂഡല്‍ഹി:1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.മാര്‍ച്ച് 26ന് പൂനെയില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീ പിടിത്തം ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ കൂടുതലായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയിലാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.പരാതികള്‍ ഉയരുന്ന ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധനകള്‍ നടത്തുമെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഈ സ്‌കൂട്ടറുകള്‍ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.ബാറ്ററി സംവിധാനങ്ങള്‍ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇസിഇ 136 ന് അനുസൃതമായി പ്രവര്‍ത്തിക്കുന്നതാണ്. ഇതിന് പുറമെ ഇന്ത്യയ്ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശിത മാനദണ്ഡമായ എഐഎസ് 156നായി പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു.
അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വ്യാപകമായ സംഭവങ്ങള്‍ നിര്‍മ്മാതാക്കളെ അവരുടെ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. പ്യുര്‍ ഇവി ഏകദേശം 2,000 യൂണിറ്റുകളും തിരിച്ചുവിളിച്ചു.
ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഇ സ്‌കൂട്ടറുകളിലേക്ക് മാറുന്നവരുടെ എണ്ണം കൂടുകയാണ്. മാര്‍ക്കറ്റില്‍ സ്ഥാനം പിടിക്കാനുള്ള കമ്പനികളുടെ മത്സരവും വര്‍ധിച്ച് വരികയാണ്. പെട്ടെന്ന് ഡെലിവറി നടത്താനും, പുതിയ ഫീച്ചറുകള്‍ കൊണ്ട് വരാനും കമ്പനികള്‍ കാണിക്കുന്ന തിടുക്കം പലപ്പോഴും സുരക്ഷിതത്വത്തില്‍ വീഴ്ച വരുത്താന്‍ കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ട്. അത് പോലെ തന്നെ വര്‍ധിച്ച് വരുന്ന അന്തരീക്ഷ താപനിലയില്‍ ഇ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ചര്‍ച്ചയാകുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ കേന്ദ്രഗതാഗത മന്ത്രാലയം ഇടപെട്ടിരുന്നു.തീപിടിത്ത സംഭവങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിക്കുകയും കമ്പനികള്‍ അശ്രദ്ധ കാണിച്ചാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.