
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ എം എ സലാമിന് ഡല്‍ഹി ഹൈക്കോടതി മൂന്നു ദിവസം എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച മകളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പരോള്‍. ദിവസം ആറ് മണിക്കൂര്‍ വീതം അദ്ദേഹത്തിന് കുടുംബവുമായി ചെലവഴിക്കാം. ഈ കാലയളവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും ജസ്റ്റീസ് രവീന്ദര്‍ ധുദേജ നിര്‍ദേശിച്ചു. യാത്രാ ചെലവ് ഒ എം എ സലാമായിരിക്കണം വഹിക്കേണ്ടത്. മകളെ സംസ്‌കരിച്ച സ്ഥലം ഒരിക്കല്‍ സന്ദശിക്കാനും വീട്ടില്‍ വിശ്രമിക്കാനുമാണ് അനുമതി. മൊബൈല്‍ ഫോണ്‍, ഫോട്ടോഗ്രാഫ്, പൊതുജന സമ്പര്‍ക്കം എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി.
2024 ഏപ്രില്‍ 17നാണ് ഒ എം എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ വാഹനാപകടത്തില്‍ മരിച്ചത്. കല്‍പ്പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അന്ന് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസത്തേക്ക് ഉപാധികളോടെയാണ് പരോള്‍ ലഭിച്ചത്. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ മാത്രമാണ് വീട്ടില്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചത്. പിന്നീട് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാന്‍ സാധിച്ചിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.