ബഹിരാകാശ ദൗത്യവുമായി ഒമാന്‍; 2022ല്‍ ആദ്യ ഉപഗ്രഹം വിക്ഷേപിക്കും

'ക്യുബിസാറ്റ്' എന്നാകും ഉപഗ്രഹത്തിന്റെ പേരെന്ന് ഒമാനി പത്രമായ അല്‍ഷബീബ റിപോര്‍ട്ട് ചെയ്തു.

Update: 2021-11-02 14:15 GMT

മനാമ: ഭൂമിയുടെ ഭ്രമണപഥത്തില്‍ സാന്നിധ്യമുള്ള ചില ഗള്‍ഫ് അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് 2022ഓടെ ആദ്യത്തെ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍ ഒരുങ്ങി ഒമാന്‍. 'ക്യുബിസാറ്റ്' എന്നാകും ഉപഗ്രഹത്തിന്റെ പേരെന്ന് ഒമാനി പത്രമായ അല്‍ഷബീബ റിപോര്‍ട്ട് ചെയ്തു.

ഒമാനി കമ്പനികളായ ഇടിസിഒ, തൗതാര എന്നിവയുടേയും പോളിഷ് സ്ഥാപനമായ സാറ്റ് റവല്യൂഷന്‍രേയും സഹായത്തോടെയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് അല്‍ഷബീബ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ദുബയില്‍ നടന്ന അന്താരാഷ്ട്ര ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസിന്റെ ഭാഗമായാണ് ഈ ഉപഗ്രഹ വിക്ഷേപ പദ്ധതി തയാറാക്കിയത്.

അതിനൂതനവും വികസിതവുമായ ബഹിരാകാശ സാങ്കേതികവിദ്യകളും ചിത്രങ്ങളുടെ വിശകലനവും അവ സ്വീകരിക്കാനുള്ള കഴിവും രാജ്യത്തിന് നല്‍കുക എന്നത് കൂടിയാണ് ദൗത്യത്തിന് പിന്നിലെ ലക്ഷ്യം.ഈ പ്രവേശനം ആഗോള ബഹിരാകാശ മേഖലകളുടെ വ്യവസായം ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനെ ഉള്‍പ്പെടുത്തുകയും രാജ്യത്തെ അതിന്റെ ദേശീയ ഡിജിറ്റല്‍ യജ്ഞമായ 'ഇ.ഒമാന്‍' പദ്ധതിയിലൂടെ അതിന്റെ ഐടി മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും കൂടിയാണ് ലക്ഷ്യമിടുന്നത്.

ഒമാന്റെ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി എത്തിയാല്‍, സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ തദ്ദേശീയമായി നിര്‍മ്മിത ഉപഗ്രഹങ്ങളുള്ള ഗള്‍ഫ് അറബ് അയല്‍രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനും ഇടംപിടിക്കും.

Tags:    

Similar News