ഒമിക്രോണ്‍ വ്യാപനം: ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല
വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്ങ്മൂലം നല്‍കണം. ഇതില്‍ അപകട സാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം ആശങ്കപ്പെടുന്ന സാഹചര്യമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല. കേന്ദ്ര സര്‍ക്കാര്‍ റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മാത്രമാണ് നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടത്. പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള മാര്‍ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്ങ്മൂലം നല്‍കണം. ഇതില്‍ അപകട സാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവാണെങ്കില്‍ സാംപിള്‍ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കുകയും പ്രൊട്ടോകോള്‍ പ്രകാരം ചികിത്സയ്ക്ക് വിധേയമാകുകയും വേണം. പോസിറ്റീവ് ആകുന്നവര്‍ 7 ദിവസത്തെ ഹോം ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. അപകട സാധ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 5 ശതമാനം പേരെ തിരഞ്ഞെടുത്ത് പരിശോധിക്കും. അവരില്‍ പോസിറ്റീവ് ആകുന്നവരുടെ സാംപിള്‍ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കും. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്ട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവേ, സിങ്കപ്പൂര്‍, ഹോങ്കോങ്, ഇസ്രോയില്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യ അപകട സാധ്യതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈയിന്‍ നിര്‍ബദ്ധമാണന്ന പ്രചാരണമുണ്ടായിരുന്നു.