ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
ഡിസംബര്‍ 12 മുതല്‍ ഡല്‍ഹിയില്‍ പരിശോധിക്കുന്ന സാംപിളിന്റെ 50 ശതമാനവും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പോസിറ്റീവാണ്. വ്യാഴാഴ്ച മാത്രം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,313 പേര്‍ക്കാണ്.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനമുണ്ടായതായ സംശയത്തിന് സ്ഥിരീകരണം. ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചത്. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 12 മുതല്‍ ഡല്‍ഹിയില്‍ പരിശോധിക്കുന്ന സാംപിളിന്റെ 50 ശതമാനവും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പോസിറ്റീവാണ്. വ്യാഴാഴ്ച മാത്രം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,313 പേര്‍ക്കാണ്. ഏഴ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഡല്‍ഹിയില്‍ കൊവിഡ് വര്‍ധിച്ചതോടെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സിനിമാ തിയറ്ററുകളും സ്‌കൂളുകളും താല്‍ക്കാലികമായി അടച്ചിരുന്നു. മെട്രോ നഗരങ്ങളില്‍നിന്നുള്ള എല്ലാ കൊവിഡ് പോസിറ്റീവ് സാംപിളുകളും ജീനോം സീക്വന്‍സിങ്ങിനായി അയക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത പലര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം ആരംഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു. രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം ആയിരത്തോട് അടുക്കവെയാണ് സമൂഹവ്യാപനം സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചത്.
നിലവില്‍ ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഇരുനൂറോളം പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ ജനിതക പരിശോധനയ്ക്കായെടുത്ത 115 സാംപിളുകളില്‍ 46 എണ്ണത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ആരുടെയും നില ഗുരുതരമല്ലെന്നും എന്നാല്‍ വിദേശരാജ്യങ്ങളില്‍നിന്നെത്തിയവര്‍ ഉള്‍പ്പെടെ പലരെയും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ ഈ മാസം ഒമ്പത് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി.
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണമാണ്. മുംബൈയില്‍ ഇതുവരെ സമൂഹ വ്യാപനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 3,671 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ള മുംബൈ നഗരത്തില്‍ വ്യാഴാഴ്ച 190 ഒമൈക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി. തലേദിവസത്തെ അപേക്ഷിച്ച് 46 ശതമാനം വര്‍ധനവാണുണ്ടായത്. ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെ പോസിറ്റീവ് പരീക്ഷിച്ച കൊവിഡ് സാംപിളുകളില്‍ മൂന്നിലൊന്ന് ഒമിക്രോണ്‍ വകഭേദമാണെന്ന് മുംബൈയിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. രോഗികള്‍ യാത്രാ ചരിത്രമില്ലാത്തവരാണ്.
ദക്ഷിണാഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിച്ച കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന് ഇതുവരെ ഇന്ത്യയില്‍ പടര്‍ന്ന ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വ്യാപനശേഷിയുണ്ട്. കാര്യമായ ജനിതക വ്യതിയാനം വന്ന വൈറസ് ആണെന്നതിനാല്‍ വാക്‌സിനുകളെ പ്രതിരോധിക്കാനും ശേഷി കൂടുതലുണ്ട്.
ഒമിക്രോണ്‍ വ്യാപനം കൂടുതലായി റിപോര്‍ട്ട് ചെയ്ത പല യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതീവജാഗ്രതയോടെയാണ് പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്. യുകെയില്‍ ഇന്നലെ മാത്രം 1.8 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ അധികൃതര്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.