ഇനി 'വണ്‍ ആന്റ് സെയിം' സര്‍ട്ടിഫിക്കറ്റ് ഒരിക്കലെടുത്താല്‍ ആജീവനാന്ത സാധുത
ഇ- ഡിസ്ട്രിക്ട് മുഖാന്തരം (ഡിജിറ്റല്‍ ഒപ്പോടുകൂടിയ) സര്‍ട്ടിഫിക്കറ്റിനാണ് ആജീവനാന്ത സാധുത അനുവദിച്ച് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ അശോക് കുമാര്‍ ഉത്തരവിറക്കിയത്.
തിരുവനന്തപുരം: വില്ലേജ്, താലൂക്ക്, ആര്‍ഡിഒ തുടങ്ങിയ റവന്യൂ ഓഫിസുകളില്‍നിന്ന് ലഭിക്കുന്ന 'വണ്‍ ആന്റ് സെയിം' സര്‍ട്ടിഫിക്കറ്റ് (രണ്ടുപേരുകളില്‍ അറിയപ്പെടുന്ന ആള്‍ ഒരാള്‍ തന്നെയാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്) ഇനി മുതല്‍ ഒരുതവണ വാങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. മുമ്പ് ഓരോ ആവശ്യത്തിനും ഈ സര്‍ട്ടിഫിക്കറ്റ് പ്രത്യേകം വാങ്ങണമായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.
ഇ- ഡിസ്ട്രിക്ട് മുഖാന്തരം (ഡിജിറ്റല്‍ ഒപ്പോടുകൂടിയ) സര്‍ട്ടിഫിക്കറ്റിനാണ് ആജീവനാന്ത സാധുത അനുവദിച്ച് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ അശോക് കുമാര്‍ ഉത്തരവിറക്കിയത്. ഓരോ ആവശ്യത്തിനും പ്രത്യേകമായി വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി റവന്യൂ അധികാരികളെ സമീപിക്കേണ്ടിവരുന്നത് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഇത് കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലയളവ് ആജീവനാന്തമാക്കാവുന്നതാണെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചശേഷമാണ് കര്‍ക്കശമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.