ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം; മഹാരാഷ്ട്രയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 117 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1135 ആയി. എട്ട് പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്.
അതേസമയം, മുംബൈയിലെ ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചതോടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. 64 കാരനാണ് മരിച്ചത്. മുംബൈ കെഇഎം അശുപത്രിയില്‍ വെച്ചായിരുന്നു മരണം. 13 പേര്‍ക്കാണ് ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി നാലാം ദിവസവും നൂറിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്. മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 35ഉം 49ഉം വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കും കെഇഎം ആശുപത്രിജീവനക്കാരിയായ ധാരാവി സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, മുംബൈയില്‍ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയ്ക്ക് പുറമെ പുതിയ രോഗികള്‍ ഉണ്ടാവുന്നത് സമൂഹവ്യാപനമെന്ന സാധ്യതയിലേക്ക് നയിക്കുകയാണ്.
പുതിയ രോഗികളില്‍ പലര്‍ക്കും എങ്ങനെ രോഗബാധയുണ്ടെന്ന് കണ്ടെത്താനാവുന്നില്ലെന്നും സമൂഹവ്യാപനത്തിലേക്ക് മുംബൈ കടന്നെന്നും കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്താകെ പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനിടെ, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയില്‍ കുറ്റകരമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും.